ചില വിപരീത കാഴ്ച്ചകള്‍

Friday, January 8, 2010

ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!



ഒരു പഞ്ചായത്തു പ്രതിനിധിയുടെ സ്ഥാനം അല്പം ഉയര്‍ന്നതു തന്നെയാണ്, മജിസ്ട്രേട്ടിന്റെ പവറുകളുള്ള ഒരു തഹ്സില്‍ദാരുടേതിന് ഒപ്പമോ അതിനു മുകളിലോ നില്‍ക്കും ഒരു പഞ്ചായത്തു വാര്‍ഡു മെമ്പറുടെ സാക്ഷ്യപ്പെടുത്തല്‍. പഞ്ചായത്തുമായി ബന്ധപ്പെട്ട് പൌരനു ലഭിക്കേണ്ട ഒട്ടു മിക്ക സര്‍ട്ടിഫിക്കേറ്റുകള്‍ക്കും വാര്‍‍ഡു മെമ്പറുടെ സാക്ഷ്യപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതു മുതല്‍ വിപുലമായ അധികാരങ്ങളുമുള്ളയാളാണ് വാര്‍ഡു പ്രതിനിധികള്‍, എല്ലാ ജോലികള്‍ക്കും യോഗ്യതകള്‍ വേണം എന്നിരിക്കേ, ഈ പദവിയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും വേണ്ടേ ചില മിനിമം യോഗ്യതകള്‍ ? വിദ്യഭ്യാസ യോഗ്യതയുണ്ടെങ്കില്‍ എല്ലാമായെന്നല്ല, ഇല്ലാത്തവരെല്ലാവരും മോശക്കാരാണെന്നുമല്ല, പക്ഷെ ഒരു പഞ്ചായത്ത് വാര്‍ഡുമെമ്പര്‍ക്ക് മിനിമം "പഞ്ചായത്ത് " എന്നെങ്കിലും തെറ്റുകൂടാതെ എഴുതുവാന്‍ അറിഞ്ഞിരിക്കേണ്ടേ ! പഞ്ചായത്താപ്പീസില്‍ നിന്നും റസി‍ഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കുന്നതിനായി വാര്‍ഡു മെമ്പറുടെ സാക്ഷ്യപത്രം വാങ്ങാന്‍ അപേക്ഷയുമായി പോയഒരാളുടെ അനുഭവം താഴെ കൊടുക്കുന്നു, അപേക്ഷകന്‍ മറ്റാരുമല്ല, ഈ ഞാന്‍ തന്നെ.

കഥ ഇതു വരെ -
അമേരിക്കയില്‍ പോകാനുള്ള വിസ ശരിയായ അപേക്ഷകന്‍ അവരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റു വാങ്ങാനായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തുന്നു, പുതിയ താമസക്കാരായതിനാല്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വേണം ​എന്നു പറഞ്ഞു അപേക്ഷ മടക്കിയതിനാല്‍ ആ സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ വില്ലേജ് ഓഫീസിലെത്തുന്നു, വില്ലേജ് ഓഫീസര്‍ ആ സര്‍ട്ടിഫിക്കറ്റു തരണമെങ്കില്‍ നിങ്ങള്‍ ഏതു പഞ്ചായത്തില്‍ നിന്നാണോ ആ പഞ്ചായത്തു സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റു വേണം എന്നു പറഞ്ഞു മടക്കിയതിനാല്‍ നേരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ കൊടുക്കുന്നു, പഞ്ചായത്ത് സെക്രട്ടറി ആ സര്‍ട്ടിഫിക്കറ്റു തരണമെങ്കില്‍ കരമടച്ച രശീതിയും കൂടെ നിങ്ങള്‍ ഏതു വാര്‍ഡിലാണോ ഉള്ളത് ആ വാര്‍ഡു മെമ്പറുടെ സാക്ഷ്യ പത്രവും വേണം എന്നു പറഞ്ഞു മടക്കിയതിനാല്‍ അതു സംഘടിപ്പിക്കാനായി വാര്‍ഡു മെമ്പറെ അന്വേഷിച്ചു നടക്കുന്നു - തുടര്‍ന്നു വായിക്കുക.

പുതിയ വീടെടുത്തു താമസിച്ചിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു, അതു കൊണ്ട് മെമ്പറെ പരിചയമില്ല, അയല്‍ക്കാരോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരു കിട്ടിയെങ്കിലും വേറെ ഒരു വിവരവും കിട്ടിയില്ല, നാട്ടില്‍ പരിചയമുള്ളവരോടൊക്കെ മെമ്പറെ പറ്റി അന്വേഷിച്ചപ്പോഴും, മൊത്തത്തില്‍ ഒരു പന്തികേടു പോലെ, ആര്‍ക്കും കക്ഷിയെക്കുറിച്ച് വെല്യ അറിവൊന്നുമില്ല, ഒടുവില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനമൊക്കെയുള്ള ഒരു എക്സ് - പ്രവാസിയോട് അന്വേഷിച്ചപ്പോഴാണ് ഒരു രഹസ്യം പോലെ ആളത് പറഞ്ഞത്, ഇത്തവണ നമ്മുടേത് ഒരു സംവരണ വാര്‍ഡ് ആയിരുന്നു. പാര്‍ട്ടിക്കാര് ആരെയോ പിടിച്ച് നിര്‍ത്തുകയായിരുന്നു, മിക്കവരും ഇയാളെ കണ്ടിട്ടില്ല. ഇനി ഒരു പക്ഷെ ദിവസവും കാണുന്നുണ്ടാകും പക്ഷെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കക്ഷി എങ്ങനെയിരിക്കുമെന്നും ആര്‍ക്കും അറിവില്ത, വാര്‍ഡിലെ റോഡ് തകര്‍ന്നപ്പോഴും, വെള്ളക്കെട്ടു വന്നപ്പോഴും വഴി വിളക്കു കേടായപ്പോഴും അങ്ങനെ പല ആവശ്യങ്ങള്‍ക്കും അദ്ദേഹവും മറ്റു നാട്ടുകാരും മെമ്പറെ തിരഞ്ഞു നടന്നു വെങ്കിലും കണ്ടു കിട്ടിയില്ലെന്നും എക്സ് പ്രവാസി ക്ഷോഭത്തോടെ പറഞ്ഞു, അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലം ഏകദേശം പറഞ്ഞു തരികയും ചെയ്തു, വീണ്ടും പലരോടും ചോദിച്ചു ചോദിച്ചു ഒടുക്കം ഞാനാ വീട് കണ്ടെത്തി, അതൊരു ത്രില്ലിങ്ങ് യാത്ര തന്നെയായിരുന്നു, ഏതാണ്ട് ഒന്നര കിലോ മീറ്റര്‍ മാത്രമുണ്ടായിരുന്ന ആ യാത്രയില്‍ അപേക്ഷകന്‍ പലപ്പോഴും വഴി തെറ്റി, എന്നാലും ആ യാത്രയ്ക്കൊരു ത്രില്ലുണ്ടായിരുന്നു, ഒരു കാലത്ത് തൊട്ടു കൂടാത്തവനും തീണ്ടിക്കൂടാത്തവനുമായി, സവര്‍ണ്ണന്റെ ദൃഷ്ടിയില്‍പെടാതെ മാറി നില്‍ക്കേണ്ടി വന്ന അതേ വീഥിയിലൂടെ, അവരില്‍ നിന്നുയര്‍ന്നു വന്ന, വാര്‍ഡിലെ പ്രഥമ പൌരന്റെ വീട്ടിലേയ്ക്കുള്ള, ആ യാത്രയ്ക്ക് അതിന്റേതായ ഒരു ത്രില്ലുണ്ടായിരുന്നു, അവരിലൊരാളാണിന്നിവിടുത്തെ അധികാരി, ആയിരത്തി എഴുനൂറിലധികം വോട്ടര്‍മാരുള്ള വാര്‍ഡിലെ പ്രഥമ പൌരന്‍ !, എല്ലാവരുടേയും പ്രതിനിധി !, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ നാടന്‍ ശീലുകള്‍ മൂളി നമ്മുടെ അപേക്ഷകന്‍ ഒടുവില്‍ മെമ്പറുടെ വീടിന്റെ മുമ്പിലെത്തി, മെമ്പറുടെ ഭാര്യയായിരുന്നു അവിടെയുണ്ടായിരുന്നത്, അദ്ദേഹം ജോലിക്കു പോയിരിക്കുകയാണെന്നും രാത്രി വീട്ടില്‍ ഉണ്ടാകുമെന്നും പറഞ്ഞു, രാഷ്ട്രീയം വരുമാന മാര്‍ഗ്ഗമാക്കാതെ ഇപ്പോഴും ജോലിക്കു പോകുന്ന മെമ്പറോട് അപേക്ഷകന് ബഹുമാനം തോന്നി.

രാത്രി എട്ടു മണിക്ക് അപേക്ഷകന്‍ മെമ്പര്‍ ഒപ്പിടേണ്ട കടലാസുകള്‍ ശരിയാക്കി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഏതാണ്ട് അമ്പതു വയസ്സു തോന്നിപ്പിക്കും, ഒരു തൊഴിലാളിയുടെ ശരീരം, തലയിലെ മഞ്ഞത്തുണിയും മുട്ടിനു താഴെ മടക്കി വെച്ചിരിക്കുന്ന പേന്റും കാരണം ഒരു സൈക്കിള്‍ യജ്ഞക്കാരനെ പോലെ തോന്നിച്ചു.സംസാരിച്ചപ്പോള്‍ അല്പം നാടനടിച്ചിട്ടുണ്ടെന്നും ബോധ്യമായി, രാവിലത്തെ അദ്ധ്വാനം മാറ്റാനായിരിക്കും, കണ്ടു കാര്യം പറഞ്ഞു, സംസാരം തുടങ്ങിയപ്പോള്‍ മുഖത്തൊരു ഗൌരവമൊക്കെ വന്നു തുടങ്ങിയിരുന്നു. പിന്നീട് കുറച്ച് ചോദ്യശരങ്ങളായിരുന്നു -

അപേക്ഷകന്‍ - ഒരു റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തീ കൊടുക്കാന്‍ മെമ്പറുടെ സാക്ഷ്യപത്രം വേണമായിരുന്നു.
മെമ്പര്‍ - അതിന് നമ്മളെ മുമ്പ് ഞാന്‍ കണ്ടിട്ടില്ലല്ലോ ?
- (അതു തന്നെയാണ് എല്ലാവരും പറയണത്, മെമ്പരെ ആരും കണ്ടിട്ടില്ലെന്ന് - ആത്മഗതം)
അപേക്ഷകന്‍ - ഞങ്ങ പുത്യേ താമസക്കാരാണ്.
മെമ്പര്‍ - ങ്ഹും !
അപേക്ഷകന്‍ - ഒപ്പിടാനുള്ളത് കൊടുന്നട്ട്ണ്ട്, ഇവിടെ ഒപ്പിട്ടാ മതി.
മെമ്പര്‍ - അതെനിക്കറിയാം, എവിടേ ഒപ്പ്ട്ണ്ടേന്ന്.
അപേക്ഷകന്‍ - അപേക്ഷേം കൂടേണ്ട്.
മെമ്പര്‍ - ങ്ഹും നോക്കട്ടേ ?
അപേക്ഷകന്‍ - അത് പഞ്ചായത്ത് സെക്രട്ടറിക്ക്ള്ള അപേക്ഷയാണ്, മെമ്പര്‍ക്ക്ള്ളത് ദാ ഇതാണ്.
മെമ്പര്‍ - നിക്കറിയാം ഏതാണെന്ന്, എന്നാലും ഞാനിതും നോക്കും , ങ്ഹൂം ?
അപേക്ഷകന്‍ - ഓ ആയിക്കോട്ടെ.
മെമ്പര്‍ ആദ്യ അപേക്ഷ വിശദമായി വായിച്ചു, പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും കടലാസുകള്‍ വായിക്കാന്‍ തുടങ്ങി.
അപേക്ഷകന്‍ - മെമ്പറേ, അതല്ല, മെമ്പര്‍ക്കുള്ളത് ആദ്യത്തേതു മാത്രമേ ഉള്ളൂ !
മെമ്പര്‍ - അതെനിക്കറിയാം ഞാനാണല്ലോ മെമ്പറ്, എനിക്കറിയാം.
ഒരു പതിനഞ്ച് മിനിറ്റോളം മെമ്പറ് ആ കടലാസുകള്‍ തിരിച്ചും മറിച്ചും നോക്കി, ശേഷം
മെമ്പര്‍ - ഇതൊക്കെ തെറ്റാണ്, ഇങ്ങനെയല്ല അപേക്ഷയെഴുതുക,
(ഈശ്വരാ, കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഒരു സര്‍ക്കാരാപ്പീസില്‍ ജോലി ചെയ്യുന്നു, ​എത്രയോ അപേക്ഷകള്‍ പരിശോധിച്ചിരിക്കുന്നു, എത്രയോ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയിരിക്കുന്നു )
മെമ്പര്‍ - ഇതെന്താ എഴുതിയിരിക്കുന്നത്, പ്രേക് ക് പ്രേക്ഷിതന്‍... ,
മെമ്പറ് തപ്പി തപ്പി വായിക്കാന്‍ തുടങ്ങി, ഭീകരമായിരുന്നു ആ അനുഭവം, ഞങ്ങളുടെ വാര്‍ഡിലെ തകര്‍ന്ന റോ‍ഡിലൂടെ ഓട്ടോറിക്ഷ പോകുന്നതാണ് ഓര്‍മ്മ വന്നത്, വെറും നാലു വരി മാത്രമുണ്ടായിരുന്ന ആ അപേക്ഷയിലെ ആദ്യ വരിയൊന്നു വായിച്ചവസാനിപ്പിക്കാന്‍ മെമ്പറ് കുറച്ചു ബുദ്ധിമുട്ടി, ശേഷം
മെമ്പര്‍ - ഈ അപേക്ഷ മുഴുവന്‍ തെറ്റാണ്, ഇങ്ങനെയല്ല ഒരു മെമ്പര്‍ക്ക് അപേക്ഷയെഴുതുക !
അപേക്ഷകന്‍ തകര്‍ന്ന് ഇരിക്കുകയാണ്, ഇത്തരം ഒരു വായന പ്രതീക്ഷിച്ചില്ല, എങ്ങനെ ബോധ്യപ്പെടുത്തിക്കൊടുക്കും ? ഒരു രക്ഷയുമില്ല !
മെമ്പര്‍ കുറ്റം പറയുന്ന അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അഡ്രസ്സ് ചെയ്തിട്ടുള്ളതാണ്, അദ്ദേഹത്തിന് ആവശ്യമുള്ള രേഖയേതാണെന്നു പോലും തിരിച്ചു മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല‌. അദ്ദേഹം വായിച്ച് ഒരു വിതം അവസാനിപ്പിച്ച് വരുമ്പോഴേക്കും മൊബൈല്‍ റിങ്ങ് ചെയ്യും, അതില്‍ രണ്ടു മിനിറ്റു സംസാരിച്ച്തെങ്ങു കയറ്റ ഡീല്‍ ഉറപ്പിച്ച് തിരിച്ച് അപേക്ഷയിലെത്തിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങും, പ്രേ...പ്രേ...ക് .....പ്രേക്ഷി....
മെമ്പര്‍ - ഇതിലെന്താ പഴയ വാര്‍ഡു നമ്പര്‍ തെറ്റാണല്ലോ ? അതു ശരിയല്ല
അപേക്ഷകന്‍ - മെമ്പറേ അതു തെറ്റല്ല ശരിയാണ്, ഞാന്‍ രണ്ടു തവണ ആ നമ്പറില്‍ നികുതി അടച്ചിട്ടുണ്ട്, എന്റെ കയ്യില്‍ അതിന്റെ രശീതിയുണ്ട്.
മെമ്പര്‍ - താനെന്നെ പടിപ്പിക്കണ്ട, ഞാന്‍ മെമ്പറാണ്. ഇപ്പള്‍ത്തെ പതിനഞ്ചാം വാര്‍ഡ് പഴയ അഞ്ചാം വാര്‍ഡല്ല !, പഴയ ഒന്നാം വാര്‍ഡാണ് ഇപ്പള്‍ത്തെ അഞ്ചാം വാര്‍ഡ് !!! പുതിയ പതിനഞ്ചാം വാര്‍ഡ് അപ്പോ....അപ്പോ....അപ്പോ...?
വീണ്ടും മെമ്പറ് തപ്പി നില്‍ക്കുകയാണ്. അപേക്ഷകന്‍ തലയും കുമ്പിട്ട് തകര്‍ന്നു നില്‍ക്കുകയാണ്.
ഒടുവില്‍ ആള് അസന്നിഗ്ദമായി പ്രഖ്യാപിച്ചു,
മെമ്പര്‍ - ഈ അപേക്ഷ ശരിയല്ല. സാക്ഷ്യ പത്രം ശരിക്ക് ഞാനെഴുതിത്തരാം...!
അങ്ങനെ മെമ്പര്‍ അപേക്ഷകന് സാക്ഷ്യപത്രം എഴുതാന്‍ തുടങ്ങി, അഞ്ചു മിനിറ്റ് അപേക്ഷയിലേയ്ക്കു നോക്കും എന്നിട്ട് ഒരു വാക്ക് എഴുതും, വീണ്ടും അഞ്ചു മിനിറ്റ് വായന പിന്നെ ഒരു വാക്ക് എഴുത്ത്, അങ്ങനെ ഒന്നര മണിക്കൂറെടുത്തു എഴുതിതന്ന ഉത്തരവാദിത്തപ്പെട്ട ഒരു രേഖയാകുന്നു മുകളില്‍ കണ്ടത് !, അതില്‍ അപേക്ഷകനായ എന്റെ പേരില്ലെങ്കിലെന്താ ഇനീഷ്യലില്ലേ ! അപേക്ഷയില്‍ വെച്ചിരുന്ന എന്റെ വിലാസമില്ലെങ്കിലെന്താ ! എന്റെ പിതാവിന്റെ പേരില്ലേ !, പുതിയ വാര്‍ഡു നമ്പറും കെട്ടിട നമ്പരുമില്ലെങ്കിലെന്താ ! മെമ്പറുടെ ഒപ്പില്ലേ ! ഈ കടലാസും കൊണ്ടു പോയാല്‍ എനിക്കൊരു കോപ്പും കിട്ടാന്‍ പോകുന്നില്ല - ആയതിനാല്‍ ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!

സീറ്റിന്റെ എണ്ണം തികയ്ക്കാന്‍ അക്ഷരാഭ്യാസം പോലുമില്ലാത്തവരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയക്കാരും പാര്‍ട്ടിക്കാരവതരിപ്പിക്കുന്നവര്‍ക്ക് കണ്ണുമടച്ചു വോട്ടു ചെയ്യുന്ന നാട്ടുകാരും !!
ചില രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം കൂടി നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാവേണ്ടതുണ്ട് ! അല്ലാത്തിടത്തോളം ഒരിക്കല്‍ വോട്ടു ചെയ്തു ജയിപ്പിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ജനങ്ങളെ ഇവരിങ്ങനെ പീഡിപ്പിച്ചുകൊണ്ടേയിരിക്കും
- ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!





17 comments:

ജോ l JOE said...

ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!

anushka said...

സം‌വരണത്തോടാണോ പ്രതിഷേധം?

Faisal Mohammed said...

@ ജോ, വന്നതിനും കമന്റിയതിനും നന്ദി, വേറെ എന്നാ ഉണ്ട് വിശേഷം ?
@ വി.ആര്‍ രാജേഷ്, വന്നതിനും കമന്റിയതിനും നന്ദി,
സംവരണത്തോടല്ല സുഹൃത്തേ, ജനപ്രതിനിധിയ്ക്ക് മിനിമം യോഗ്യത നിശ്ചയിക്കാത്തതിന്, ഒരു കടലാസു ലഭിക്കാന്‍ ഒരുപാടോഫീസുകള്‍ കയറിഇറങ്ങി നടക്കേണ്ടി വരുത്തുന്നതിന്.

മുക്കുവന്‍ said...

എന്റെ അനിയനു ഒരു അമേരിക്കന്‍ വിസക്ക് വേണ്ടി ഞാനൊരപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു.. ഒരു ചിന്ന പ്രശ്നം മാത്രം.. ജനന സര്‍ട്ടിഫിക്കേറ്റ് ഒരെണ്ണം വേണം.. 72-നു മുന്‍പ് ജനിച്ചതുകൊണ്ട് അതൊന്നും വില്ലേജില്‍ എഴുതപ്പെട്ടിട്ടില്ല... പള്ളിവക സര്‍ട്ടിഫിക്കേറ്റ് പഞ്ചായത്ത് അവര്‍കള്‍ എടുക്കുകയുമില്ല... പിന്നെ അത് കിട്ടാന്‍ വേണ്ടി അവന്‍ ഒന്നര കൊല്ലം നടന്നു...

അത് സംവരണക്കേടൊണ്ടുന്നുമല്ലാ പാച്ചാ... നാ‍ട്ടിലെ സര്‍ക്കാര്‍ ജോലിക്കാരില്‍ നല്ലൊരു വിഭാഗം നല്ലവരായതു കൊണ്ടാ... :)

ഹന്‍ല്ലലത്ത് Hanllalath said...

സര്‍ക്കാര്‍ ജീവനക്കാരില്‍ വലിയ പങ്കും ജനങ്ങള്‍ക്ക് സഹായം ചെയ്യാനുള്ള മനസ്സുള്ളവരല്ല.
അതു നമ്മുടെ വ്യവസ്ഥിതിയുടെ കുഴപ്പമാണ്.
എന്ത് തെമ്മാടിത്തം ചെയ്താലും തെറ്റോ ശേരിയോ എന്ന് നോക്കാതെ പിന്തുണയ്ക്കാന്‍ യൂനിയന്കാരുണ്ടല്ലോ.
പിന്നെന്തിനാ അവര്‍ ആവശ്യം പോലെ ജോലി ചെയ്യുന്നത്..?!!
സാധാരണക്കാരന് മാത്രം പാര്‍ട്ടി പിന്തുണയോ സംഘടിത ശക്തിയോ ഇല്ല.

ഇവിടെ അക്ഷരാഭ്യാസം അല്ല കാര്യം.
ആ മനുഷ്യനെ ചിലപ്പോള്‍ നല്ല പോലെ ചൂഷണം ചെയ്യുന്നുണ്ടാകാം.
അയാള്‍ ഒന്നും അറിയണ്ടല്ലോ .
അയാളുടെ റോള്‍ മറ്റാരെങ്കിലും ഭംഗിയായി കൈകാര്യം ചെയ്യുന്നും ഉണ്ടാകും.

അക്ഷരാഭ്യാസം അല്ല കാര്യം.
എത്രയോ ആളുകള്‍ , എഴുതാന്‍ അറിയാത്തവര്‍ നാടിനും നാട്ടുകാര്‍ക്കും ഉപകാരമുള്ള നേതാക്കളായി ഉള്ളത് എനിക്കറിയാം.

kaalidaasan said...

പക്ഷെ ഒരു പഞ്ചായത്ത് വാര്‍ഡുമെമ്പര്‍ക്ക് മിനിമം "പഞ്ചായത്ത് " എന്നെങ്കിലും തെറ്റുകൂടാതെ എഴുതുവാന്‍ അറിഞ്ഞിരിക്കേണ്ടേ !

അക്ഷരത്തെറ്റാണു പ്രശ്നമെങ്കില്‍ അത് താങ്കള്‍ എഴുതിയതിലും കുറച്ചൊക്കെ ഉണ്ട്. ചില ഉദാഹരണങ്ങള്‍



വിദ്യഭ്യാസ

വെല്യ

അറിവില്ത,

വിതം


വിദ്യാഭ്യാസത്തേക്കുറിച്ച് ഇതു പോലെ വാചാലരാകുന്നവര്‍ക്കും മിനിമം വിദ്യാഭ്യാസം എന്നെങ്കിലും തെറ്റു കൂടാതെ എഴുതുവാന്‍ അറിഞ്ഞിരിക്കേണ്ടേ!!

മലയാളം തെറ്റു കൂടാതെ എഴുതുന്നത് വിദ്യാഭ്യാസ യോഗ്യതയുടെ മാനദണ്ഡമാക്കിയാല്‍ അടുത്ത തലമുറയില്‍ ഏറിയ പങ്കും വിദ്യാഭ്യാസമില്ലാത്തവരായിരിക്കാനുള്ളഎല്ലാ സാധ്യതയുമുണ്ട്.

മെംബര്‍ എഴുതിയത് ശരിയല്ല എങ്കില്‍ അതിനു മുകളിലുള്ള പ്രസിഡണ്ടൊക്കെ ഇല്ലേ. മജിസ്റ്റ്രേറ്റ് കോടതി വിധിച്ചാലൊന്നും അതവസാന വാക്കല്ല. അതിനും മുകളില്‍ പലതുമുണ്ട്.

ഇതു പോലെ ഒറ്റപ്പെട്ട സംഭവം പര്‍വതീകരിച്ച് കാണിച്ച് അതാണു കേരളത്തിലെ വ്യവസ്ഥിതി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് വഞ്ചനാപരമല്ലേ?

അക്ഷരാഭ്യാസവും വിദ്യാഭ്യാസവും ഇല്ലാതെ സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് മുഖ്യ ധാരയില്‍ പങ്കാളിത്തം നല്‍കാനാണ്‌ സംവരണം ഏര്‍പ്പെടുത്തിയത്. അവരെ വിദ്യാഭ്യാസം ചെയ്യിച്ചിട്ടേ ഭരണത്തില്‍ പങ്കാളിയാക്കൂ എന്നില്ല. അവരില്‍ നിന്നൊക്കെ വരുന്ന ചില ഒറ്റപ്പെട്ട പാളിച്ചകളൊക്കെ പര്‍വതീകരിക്കാതിരിക്കുക എന്നതല്ലേ വിവേകം?

Faisal Mohammed said...

@കാളിദാസന്‍, വന്നതിനും കമന്റിയതിനും നന്ദി,
തെറ്റു തിരുത്തി തന്നതിനു വളരെ നന്ദി !
സ്ഥിരം ഉപയോഗിക്കുന്ന ടൈപ്പിംഗ് ശൈലിയില്‍ നിന്ന് (ഐ.എസ്.എം) വ്യത്യസ്തമായി യൂണിഫോണ്ടു രീതിയില്‍ ടൈപ്പു ചെയ്യേണ്ടി വന്നതില്‍ സംഭവിച്ച പിഴവുമാത്രമാണ് അത്, എന്തായാലും ചൂണ്ടിക്കാണിച്ചു തന്നതിനു നന്ദി, കുറച്ചു നീളക്കൂടുതലുള്ള ഈ പോസ്റ്റ് വായിച്ചിട്ട് ഇതു അക്ഷര ജ്ഞാനത്തെക്കുറിച്ചു മാത്രമുള്ളതാണെന്ന് താങ്കള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അത് ഖേദകരം തന്നെ !
പോസ്റ്റിന്റെ രണ്ടാമതെ പാര.യില്‍ ഇവിടം വരെയെത്താന്‍ കയറിയിറങ്ങിയ ഓഫീസുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, ഇനിയും അതിന് പഞ്ചാ. പ്രസിഡന്റിനും പിന്നീട് ബ്ലോക്ക് പഞ്ചാ. പ്രസിഡന്റിനും, പിന്നീട് ജില്ലാ. പഞ്ചാ. പ്രസിഡന്റിനും അല്ലേല്‍ തദ്ദേശ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും അല്ലേല്‍ മജിസ്ട്രേറ്റിനും അപേക്ഷകൊടുത്ത് കാര്യം നടത്തുമ്പോഴേക്കും ശ്ശി കാലം കഴിയും, അതുവരെ ഇതൊന്നും ആരോടും മിണ്ടെരുതെന്നാണോ ?, അപേക്ഷകന്റെ പേരില്ലാതെ ഇനീഷ്യല്‍ മാത്രം എഴുതി സാക്ഷ് യ പത്രം തന്നത് അങ്ങ് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു !, സംവരണത്തിന്റെ നന്മകള്‍ക്കായി ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കുമ്പോള്‍ അതില്‍ ഇരകളായി എന്നെപ്പോലെ, ഒരു പൌരനെന്ന നിലയില്‍ കിട്ടേണ്ട അവകാശങ്ങള്‍ക്കായി മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നത്, ഒളിച്ചു വെക്കേണ്ടി വരുന്നതില്‍ എന്തു വിവേകം ? പ്രസിഡന്റിന്റെ വീട്ടിലേയ്ക്കുള്ള റോഡു മെറ്റലടിച്ച് ടാര്‍ ചെയ്യുമ്പോള്‍ സ്വന്തം വാര്‍ഡിലെ തകര്‍ന്ന റോഡും, റോഡരികിലെ തെളിയാത്ത വഴിവിളക്കുകളും, വെള്ളക്കെട്ടും, മറ്റു പ്രശ്നങ്ങളും ശ്രദ്ധിക്കാതിരിക്കുന്ന മെമ്പരെ സംവരണത്തിന്റെ പേരില്‍ വിമര്‍ശിക്കാതിരിക്കുന്നതില്‍ എന്തു വിവേകം!ലോകം ബഹുമാനിക്കുന്ന അംബേദ്ക്കറും സംവരണ വിഭാഗത്തില്‍ പെട്ടയാളാണ്, റബ്ബര്‍ സ്റ്റാമ്പായിരിക്കണം എന്നുള്ളതല്ലാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ചെയ്യുവാന്‍ കഴിവുള്ളയാളാകണം ജനപ്രതിനിധി. സംവരണം ഒരു എക്സ്ക്യൂസാണോ ?
കഴിവില്ലായ്മയെ മറച്ചുവെയ്ക്കാനുള്ള ഉപാധിയാവരുത് സംവരണം.

kaalidaasan said...

പാച്ചു,


താങ്കള്‍ ഉന്നയിച്ച എല്ലാറ്റിനേക്കുറിച്ചും ഞാന്‍ അഭിപ്രായം പറഞ്ഞില്ല. സംവരണത്തിലൂടെ മെംബറായ ഒരു വ്യക്തിയുടെ അക്ഷരാഭ്യാസത്തേക്കുറിച്ചുള്ള പരാമര്‍ശത്തേക്കുറിച്ച് മാത്രമേ ഞാന്‍ അഭിപ്രായം പറഞ്ഞുള്ളു.

സ്ഥിരം ഉപയോഗിക്കുന്ന ടൈപ്പിംഗ് ശൈലിയില്‍ നിന്ന് (ഐ.എസ്.എം) വ്യത്യസ്തമായി യൂണിഫോണ്ടു രീതിയില്‍ ടൈപ്പു ചെയ്യേണ്ടി വന്നതില്‍ സംഭവിച്ച പിഴവുമാത്രമാണ് അത്

എത്ര അനായാസമായിട്ടാണു താങ്കള്‍ തെറ്റിനെ ന്യയീകരിക്കുന്നത്. ഭ്യാ എന്നതിനു പകരം ഭ്യ എന്നെഴുതുന്നതും എന്നതിനു പകരന്‍ എന്നെഴുതുന്നതും താങ്കള്‍ പറഞ്ഞ ഈ മാറ്റം കൊണ്ടല്ല എന്നു മനസിലാക്കാനുള്ള സാമാന്യ വിവരം എനിക്കുണ്ട്. താങ്കള്‍ എഴുതിയത് ശരിക്കൊന്നു വായിച്ചിരുന്നു എങ്കില്‍ ഈ അക്ഷരത്തെറ്റു തിരുത്താമായിരുന്നില്ലേ?


താങ്കള്‍ അക്ഷരത്തെറ്റു വരുത്തിയതിന്‌ താങ്കള്‍ക്ക് ന്യായീകരണമുണ്ട്. അതു പോലെ മെംബര്‍ക്കും കാണില്ലേ ഒരു ന്യായീകരണം? അക്ഷരത്തെറ്റു വരുത്തുന്നത് ഒരു മഹാകാര്യമല്ല എന്നു മനസിലാക്കിക്കാന്‍ വേണ്ടി മാത്രമാണു ഞാന്‍ താങ്കള്‍ വരുത്തിയ തെറ്റ് ചൂണ്ടിക്കാണിച്ചത്. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ് ബുഷ് ഉച്ഛാരണത്തിലും എഴുത്തിലും പലതെറ്റുകളും വരുത്തുമായിരുന്നു. ന്യൂക്ളിയര്‍ എന്ന വാക്ക് അദ്ദേഹം എപ്പോഴും നൂക്കിളാര്‍ എന്നേ ഉച്ചരിച്ചിരുന്നുള്ളു. വിവേകമുള്ളവര്‍ അത് അത്ര കാര്യമാക്കിയിട്ടും ഇല്ല. വിമര്‍ശിക്കാന്‍ തക്കം പാര്‍ത്തിരുന്നവര്‍ അത് ആഘോഷിച്ചിട്ടും ഉണ്ട്.

താങ്കളോടുള്ള ക്ഷമാപണത്തോടെ 2008 ഫെബ്രുവരിയില്‍ താങ്കള്‍ എഴുതിയ ചില അക്ഷരത്തെറ്റുകളിലേക്ക്.

ആരൊയോ കൊടുന്നിട്ടുണ്ട്ത്രേ
കുട്ടികള്‍ പടിച്ച


അപേക്ഷകന്റെ പേരില്ലാതെ ഇനീഷ്യല്‍ മാത്രം എഴുതി സാക്ഷ് യ പത്രം തന്നത് അങ്ങ് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.

ഇനിഷ്യല്‍ മാത്രം എഴുതിയത് മനപ്പൂര്‍വം താങ്കളെ ബുദ്ധിമുട്ടിക്കാനാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? അതൊരു നോട്ടപ്പിശകാകാനല്ലേ സാധ്യത. എഴുതി തന്ന കടലാസില്‍ എന്താണെന്ന് അപ്പോള്‍ തന്നെ ഒന്നു വായിച്ചു നോക്കാഞ്ഞതെന്തേ? അതല്ല പിന്നീടാണാ തെറ്റ് മനസിലായതെങ്കില്‍ എന്തു കൊണ്ട് അദ്ദേഹത്തെ വീണ്ടും സമീപിച്ച് അത് തിരുത്തി വാങ്ങാന്‍ എന്തേ താങ്കള്‍ക്ക് തോന്നാത്തത്? നിത്യ ജീവിതത്തില്‍ പറ്റുന്ന തെറ്റുകളൊക്കെ നമ്മള്‍ തിരുത്തുകയും തിരുത്തിക്കുകയും ഒക്കെയല്ലെ സാധാരണ ചെയ്യാറുള്ളത്. സര്‍വകലാശാല നല്‍കുന്ന മാര്‍ക്ക് ലിസ്റ്റില്‍ പോലും പിശകുകള്‍ കടന്നു കൂടാറുണ്ട്. അതൊക്കെ തിരുത്തി വാങ്ങുകയാണു പതിവ്. അല്ലാതെ അത് വച്ച് ഒരു ബ്ളോഗെഴുതി തെറ്റു ചെയ്തവരെ ആക്ഷേപിക്കുകയല്ല.


സംവരണത്തിന്റെ നന്മകള്‍ക്കായി ചില സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കേണ്ടി വരും. സമൂഹത്തിന്റെ പൊതു നന്മക്ക് അതാവശ്യമാണ്. ഒരു പുതിയ റോഡ് നിര്‍മ്മിക്കുമ്പോള്‍ കുറച്ചു പേരെ കുടിയിറക്കേണ്ടി വരും. അപ്പോള്‍ പൌരനെന്ന നിലയിള്ള അവകാശത്തേക്കാള്‍ പൊതു ആവശ്യമാണു മുന്നില്‍ വരേണ്ടത്.

സ്വന്തം വാര്‍ഡിലെ തകര്‍ന്ന റോഡും, റോഡരികിലെ തെളിയാത്ത വഴിവിളക്കുകളും, വെള്ളക്കെട്ടും, മറ്റു പ്രശ്നങ്ങളും ശ്രദ്ധിക്കാതിരിക്കുന്ന മെമ്പറെ വിമര്‍ശിക്കരുതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. പക്ഷെ താങ്കള്‍ ഇവിടെ ചെയ്തത് അതല്ലല്ലൊ. അത് സംവരണവുമായി ബന്ധപ്പെട്ടതല്ല. അങ്ങനെ ഒരാളെ തെരഞ്ഞെടുത്തത് ആ വാര്‍ഡിലെ ജനങ്ങളുടെ കുഴപ്പമല്ലേ. കഴിവില്ലാത്ത, അതു വരെ വാര്‍ഡിലൊന്നും അറിയപ്പെടാത്ത, താമസിക്കുന്നതെവിടെയെന്നറിയാത്ത, ഒരാളെ തെരഞ്ഞെടുക്കണം എന്ന് ഇന്‍ഡ്യയില്‍ നിയമില്ലല്ലോ.

Faisal Mohammed said...

കാളിദാസന്‍,
വന്നതിനും കമന്റിയതിനും നന്ദി, താങ്കളുടെ കമന്റിലുള്ള ചില അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തട്ടെ.

1) എത്ര അനായാസമായിട്ടാണു താങ്കള്‍ തെറ്റിനെ ന്യയീകരിക്കുന്നത്.........
ഇതിലെ അവസാന വാക്കില്‍ നോക്കുക ന്യയീകരിക്കുന്നത് എന്നാണ് ന്യ യുടെ കൂടെ ആ കാരം ഇല്ല, അത് താങ്കള്‍ക്ക് എഴുതാനറിയാഞ്ഞിട്ടല്ല, ടൈപ്പിങ്ങില്‍ ഒരു 'a' അടിക്കുവാന്‍ വിട്ടുപോയി, മനസ്സിലാക്കാവുന്ന ഒരു അബദ്ധം മാത്രം,
ഔദ്യോഗിക ആവശ്യത്തിനും, വിദ്യാഭ്യാസ ആവശ്യത്തിനും ‘ഇന്‍സ്ക്രിപ്റ്റ്’ രീതിയിലാണ് ഞാന്‍ ടൈപ്പു ചെയ്യാറ്, വര്‍ഷങ്ങളായി ഉപയോഗിക്കുന്നതു കൊണ്ട് നല്ല വേഗതയുമുണ്ട്, കമ്പ്യൂട്ടര്‍ മാറിയതിനാല്‍, ഇതിലെഴുതാന്‍ ഉപയോഗിച്ച ‘ഫോനെറ്റിക്’ ടൈപ്പിംഗ് രീതിയുമായി അതിനു വ്യത്യാസമുണ്ട്, ഉദാ: ‘ഗ’ എന്ന പദം ടൈപ്പു ചെയ്യാന്‍ 'I' എന്ന കീയില്‍ ഒറ്റപ്രെസ്സ് മതി, എന്നാല്‍ ഫോനെറ്റിക്കില്‍ 'g + a' വേണ്ടി വരുന്നു, ഉദ്ദേശിച്ചത് - ഇന്‍സ്ക്രിപ്റ്റില്‍ ‘അ’ സ്വരത്തിലവസാനിക്കുന്ന പദത്തിന് പ്രത്യേകം 'a' ടൈപ്പു ചെയ്യണ്ട എന്നാണ്, ഒറ്റ അക്ഷരത്തിലും ‘ആ’ ദീര്‍ഘത്തിലും സംഗതി കണ്ണില്‍ പിടിക്കുന്നതുപോലെ അടുപ്പിച്ച് രണ്ടു ‘ആ’ കാരം വരുമ്പോള്‍ പിടി വിടും, അതാണ് ‘വിദ്യാഭ്യാസം, കലാശാലാ’ തുടങ്ങിയ പദങ്ങള്‍ക്ക് എന്റെയടുത്ത് ഇടിവു സംഭവിക്കുന്നത്, ‘ധ’ യുടെ കാര്യത്തിലും ഇതാണ് സംഗതി, ഫോണെറ്റിക്കില്‍ 'd+h+a' വേണ്ടിവരുമ്പോള്‍ ഇന്‍സ്ക്രിപ്റ്റില്‍ 'O' മാത്രം മതി, രണ്ടു തവണ കീ പ്രെസ്സു ചെയ്യേണ്ടി വരുന്നില്ല എന്നാണുദ്ദേശിച്ചത്. പഠനത്തിന്റെ ‘ഠ’ അതു തെറ്റാണെന്നറിഞ്ഞു കൊണ്ട് ടൈപ്പുചെയ്തതാണ്, അക്കാലത്ത് ‘ഠ’ കണ്ടു കിട്ടാന്‍ ഞാന്‍ കുറേ അലഞ്ഞിട്ടുണ്ട് ! എന്റെ ഒരു പോസ്റ്റിന്റെ പേര് ‘സിലബസ്സിലില്ലാത്ത പാടം’ എന്നാണിട്ടത്, അത് ‘ഠ’ യെ കണ്ടു കിട്ടാഞ്ഞിട്ടായിരുന്നു, തെറ്റായി ധരിച്ചിരുന്ന ഒരു അക്ഷരം തിരുത്തിക്കിട്ടുന്നെങ്കില്‍, മൂന്നു വര്‍ഷമായി തുടരുന്ന ബ്ലോഗെഴുത്തുകൊണ്ട് അതിന്റെ പരമാവധി മെച്ചം കിട്ടി എന്നുതന്നെ ഞാന്‍ വിശ്വസിക്കുമായിരുന്നു !, അതല്ലാത്തതിനാലാണ് താങ്കള്‍ പറഞ്ഞതു പോലെ അനായാസമായി അതിനെ ന്യായീകരിച്ചത്. അല്ലാതെ താങ്കളുടെ സാമാന്യ വിവരത്തെ പരീക്ഷിച്ചതല്ല. പറയുവാനുദ്ദേശിച്ച വിഷയം ശരിയായ രീതിയില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നതിലായിരുന്നു ശ്രദ്ധ എന്നുള്ളതുകൊണ്ട് പുന: വായനയില്‍ അതു കണ്ണില്‍ പെട്ടതുമില്ല - താങ്കളുടെ കമന്റിലെ‘ന്യയം’ പോലെ.

2) ഇതൊരു സാക്ഷ് യപത്രം എഴുതി കിട്ടിയതിന്റെ അടിസ്ഥാനതില്‍ പോസ്റ്റിയതാണ്, സാക്ഷ് യപത്രത്തില്‍ ഒരു വ്യക്തിയെയാണ് സാക്ഷ് യപ്പെടുത്തുന്നത്, ടിയാന്റെ കെട്ടിടവിലാസം സഹിതം, ഇന്ന വാര്‍ഡില്‍ താമസിക്കുന്നു എന്ന രീതിയില്‍, എനിക്കു കിട്ടിയതില്‍ എന്റെ പേരില്ല, എന്റെ കെട്ടിട വിലാസമില്ല, എഴുതേണ്ടിയിരുന്ന വാര്‍ഡുമില്ല, പിന്നെന്താണ് സാക്ഷ് യപ്പെടുത്തുന്നത് ?, ആയതില്‍ സമ്പൂര്‍ണ്ണ അബദ്ധം.
അസാന്മാര്‍ഗ്ഗിക / തല്ലുപിടിക്കേസില്‍ സ്ഥിരം ലോക്കപ്പില്‍ കിടന്നിരുന്ന ഒരാളോട് ഒരിക്കല്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതിനെന്താ ഗാന്ധിജി വരെ ജയിലില്‍ കിടന്നിട്ടില്ലേ, എന്നു പറഞ്ഞതാണ്, ജോര്‍ജ്ജ് ബുഷിന്റെ അക്ഷരത്തെറ്റുകളോട് എന്റെ സുഹൃത്തിന്റെ അറിവില്ലായ്മയെ അങ്ങ് താരതമ്യപ്പെടുത്തിയപ്പോള്‍ ഓര്‍മ്മവന്നത്.

Faisal Mohammed said...

3) അദ്ദേഹത്തിന് ഒരു തെറ്റു പറ്റിയെന്ന് കണ്ടപ്പോള്‍ ഉടന്‍ മിണ്ടാതെ വന്നു പോസ്റ്റിയതല്ല കാര്യങ്ങള്‍, അപേക്ഷയും പത്രവും, ടൈപ്പു ചെയ്തതു കൊടുത്ത്, പതിയെ വായിച്ച് കൊടുത്ത്, ടിയാന്‍ എഴുതിയ ശേഷവും കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും “ ഏയ് ഇതിങ്ങനെ തന്നെയാണ് തര്യാ” എന്ന നിലപാടിലായിരുന്നു കാര്യങ്ങള്‍ എന്നുള്ളതു കൊണ്ടാണ് ഇതു പോസ്റ്റിയത്, ആയതില്‍ മദ്യപാനത്തിനും അതിന്റെ പങ്കുണ്ടായിരിക്കാം. (ഇതില്‍ എന്റെ പേരില്ലല്ലോ ? - താനല്ലേ താമരത്ത് മുഹമ്മദ് !! - മെമ്പറേ അതെന്റെ അച്ഛനാ !!!), ഉള്‍ക്കൊള്ളിക്കാവുന്ന പോലെ അക്കാര്യം പോസ്റ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കുവാന്‍ എനിക്കുള്ള സ്പേസ് ഇതാണ്, അതുകൊണ്ട് കാര്യങ്ങള്‍ ഇവിടെ ഇടുന്നു.

4) വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാര്‍ മാറിക്കൊണ്ടേയിരിക്കും, പല റേഞ്ചില്‍ ഉള്ളവര്‍ വരും, പക്ഷേ അവരുടെ സഹായത്തിന് ഉദ്യോഗസ്ഥര്‍ ഉള്ളതുകൊണ്ട് ഒരു പരിധിയിലേയ്ക്കു താഴെ കാര്യങ്ങള്‍ അലമ്പാവാറില്ല, നമ്മുടെ വ്യവസ്ഥിതിയില്‍ - വാര്‍ഡുമെമ്പര്‍മാരുടെ സഹായത്തിന് പഞ്ചായത്തില്‍ ക്ലാര്‍ക്കുമാരുണ്ടായിരുന്നെങ്കിലോ ? ഉദാ:- മൂന്നോ നാലോ വാര്‍ഡുമെമ്പര്‍മാരുടെ ഗുമസ്തപ്പണിക്കായി പഞ്ചായത്താപ്പീസില്‍ ഒരു എല്‍.ഡി.ക്ലാര്‍ക്ക്, വാര്‍ഡു മെമ്പര്‍മാരും പൊതുജനങ്ങളും പഞ്ചായത്തുമായി നടത്തുന്ന കത്തിടപാടുകളുടേയും മറ്റു ഔദ്യാഗിക കാര്യങ്ങളുടേയും ഗുമസ്തപ്പണി ടിയാന്, അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് ക്ലാര്‍ക്ക്, ബോധ്യപ്പെട്ടാല്‍, നേരത്തേയോ വൈകിച്ചോ മെമ്പര്‍ക്ക് ഒപ്പിടാം, വാര്‍ഡു മെമ്പര്‍ എന്നത് ഒരു പദവിയായതിനാല്‍, രേഖകളുടെ പകര്‍പ്പുകള്‍ സര്‍ക്കാര്‍ രേഖയായി പഞ്ചായത്തിലെ ഫയലില്‍ സൂക്ഷിക്കാം. എല്ലാത്തിനും കണക്കുമുണ്ടാകും. ഇത്തരം പൊട്ടത്തരങ്ങളും ഒഴിവാക്കാം. സമൂഹത്തിലെ എല്ലാ വിഭാഗവും മുന്‍സീറ്റിലിരുന്ന് കാറോടിക്കുന്ന കാലവും കാത്ത് പൊതുജനത്തിന് കാളവണ്ടിയില്‍ പതിയെപ്പോകേണ്ട കാര്യവുമില്ല ! എപ്പടി !! (കടപ്പാട് : ജിത്തു, തൊടുപുഴ)

5) ജനപ്രതിനിധിയെ തിരിച്ചു വിളിക്കാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ടായിരുന്നേല്‍ അതു ജനപ്രതിനിധികളുടെ ഉത്തരവാദിത്വ ബോധം കൂട്ടുമായിരുന്നില്ലേ ?

സമയം കിട്ടുന്ന മുറയ്ക്ക് എന്റെ മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിക്കുവാനും അഭിപ്രായപ്പെടുവാനും താങ്കളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

kaalidaasan said...

ന്യയീകരിക്കുന്നത് എന്നാണ് ന്യ യുടെ കൂടെ ആ കാരം ഇല്ല, അത് താങ്കള്‍ക്ക് എഴുതാനറിയാഞ്ഞിട്ടല്ല, ടൈപ്പിങ്ങില്‍ ഒരു 'അ' അടിക്കുവാന്‍ വിട്ടുപോയി, മനസ്സിലാക്കാവുന്ന ഒരു അബദ്ധം മാത്രം,

ഉരുണ്ടു കളി നിറുത്തിക്കൂടേ പാച്ചൂ. അക്ഷരത്തെറ്റു ആരും മനപ്പൂര്‍വം വരുത്താറില്ല. ഒരക്ഷരത്തെറ്റും കൂടാതെ ആരും എഴുതാറുമില്ല. പഞ്ചായത്ത് മെംബര്‍ക്ക് പഞ്ചായത്ത് എന്നെഴുതാണറിയില്ല എന്നാക്ഷേപിക്കുമ്പോള്‍ താങ്കള്‍ ഈ അടിസ്ഥാന വിഷയം മറക്കുനു. അതേ ഞാന്‍ സൂചിപ്പിച്ചുള്ളു.

ഞാന്‍ അക്ഷരത്തെറ്റു വരാതെ എഴുതാറുണ്ടെന്ന് എങ്ങും അവകാശപ്പെട്ടില്ല. അക്ഷരത്തെറ്റ് വരുത്തുന്നവരെ ഞാന്‍ ആക്ഷേപിക്കുറുമില്ല. ബ്ളോഗെഴുതുന്ന എത്രയോ പേര്‍ സ്ഥിരമായി അക്ഷരത്തെറ്റു വരുത്തുന്നു തെറ്റായ ഭാഷാ പ്രയോഗം നടത്തുന്നു. ചിലര്‍ എഴുതുന്നത് വായിച്ചാല്‍ ഒന്നും മനസിലാവുകയും ഇല്ല. പക്ഷെ അതിനെയൊക്കെ തല നാരിഴ കീറി ആരും പരിശോധിക്കാറില്ല.

താങ്കള്‍ ക്കു പകരം എനെഴുതിയതിന്റെ കാരണം മനസിലായി. പക്ഷെ ആരൊയോ കൊടുന്നിട്ടുണ്ട്ത്രേ എന്നുള്ളത് എങ്ങനെ വന്നു? ഇത് എങ്ങനെ വിശദീകരിക്കും എന്നറിയാനുള്ള കൌതുകം കൊണ്ട് ചോദിച്ചതാണ്.

ഞാന്‍ ന്യാ എന്നതിനു പകരം ന്യ എന്നെഴുതിയ അതേ അബദ്ധം മാത്രമേ പഞ്ചായത്ത് എന്നതിനു പകരം പഞ്ചായാത്ത് എന്നെഴുതിയതിലും കാണുന്നുള്ളു. അതു കൊണ്ട് എനിക്ക് അതിനെ വിമര്‍ശിക്കാന്‍ തോന്നുന്നില്ല. പക്ഷെ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ വരുത്തിയ പാച്ചു വിമര്‍ശിക്കുന്നു. അതേ ഞാന്‍ ചൂണ്ടിക്കാണിച്ചുള്ളു.

സാക്ഷ്യ പത്രം തെറ്റാണെങ്കില്‍ എന്തു കൊണ്ട് അത് തിരുത്തിവാങ്ങാന്‍ താങ്കള്‍ ശ്രമിച്ചില്ല? തിരുത്തി തരില്ല എന്നദ്ദേഹം പറഞ്ഞിരുന്നോ? ഇനി തിരുത്തി തരില്ല എന്നു പറഞ്ഞാല്‍ തന്നെ എന്തുകൊണ്ട് മെംബര്‍ക്കും മുകളിലുള്ള പ്രസിഡണ്ടിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞില്ല?

എനിക്കീ കാര്യത്തില്‍ താങ്കളുടെ ഭാഷ്യം അത്ര വിശ്വാസം വരുന്നില്ല. സാധാരണ ജനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. പക്ഷെ മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ ഒരു പഞ്ചായ്ത്ത് മെംബര്‍ എഴുതി തരുമെന്നു ഞാന്‍ കരുതുന്നില്ല. എല്ലാവരും തങ്കളേപ്പോലെ പച്ച പരിഷ്ക്കാരികളായിരിക്കണമെന്നില്ല. താങ്കളേപ്പോലെ ഭാഷാ നൈപുണ്യവും ചെത്തിമിനുക്കിയ ഭാഷയും ഉണ്ടാവണമെന്നില്ല. പക്ഷെ പഞ്ചായത്ത് എന്നതിനു പകരം പഞ്ചായാത്ത് എന്നെഴുതി എന്നാക്ഷേപിക്കുന്നത് സംസ്കാരമുള്ള നടപടിയുമല്ല. പ്രത്യേകിച്ച് താങ്കളുടെ എഴുത്തില്‍ അതിലും ഗുരുതരമായ അക്ഷരത്തെറ്റുകള്‍ കാണുന്ന സാഹചര്യത്തില്‍.

താങ്കളുടെ മറ്റ് പോസ്റ്റുകള്‍ വായിക്കുന്നതില്‍ സന്തോഷമേ ഉള്ളു.

ജോ l JOE said...

ഒരാള്‍ കൈകൊണ്ടു മലയാളം എഴുതുമ്പോള്‍ വരുന്ന തെറ്റും, ഇംഗ്ലീഷ് കീ ബോര്‍ഡ് ഉപയോഗിച്ച് മലയാളം എഴുതുമ്പോള്‍ വരുന്ന തെറ്റും ഒന്നായി കാണരുത് കാളിദാസന്‍.
പാച്ചു മുകളില്‍ പറഞ്ഞ 'വ്യവസ്ഥിതി' കേരളത്തില്‍ പരക്കെ ഞാഞ്ഞൂല്‍ നേതാക്കള്‍ക്കിടയില്‍ കണ്ടു വരുന്നതാണ്. താങ്കളുടെ ഈ അനാവശ്യ തര്‍ക്കം യാതൊരു ഗുണവുംചെയ്യില്ല.

kaalidaasan said...

അക്ഷരത്തെറ്റ് ആരു വരുത്തിയാലും അക്ഷരത്തെറ്റാണ്. കീ ബോര്‍ഡുപയോഗിച്ചാലും കൈകൊണ്ടായാലും. പാച്ചു ഇവിടെ കൊടുത്ത എഴുത്തില്‍ തന്നെ ആദ്യം ഗ്രാമപഞ്ചായത്തില്‍ എന്ന വാക്കെഴുതിയിരുന്നത് ജിജോ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. പഞ്ചായത്തില്‍ എന്നെഴുതാനറിയാവുന്ന ആള്‍ പഞ്ചായാത്ത് എന്നെഴുതിയത് നോട്ടപ്പിശകായേ എനിക്ക് തോന്നിയുള്ളു. ഞാനും ജിജോയും പാച്ചുവും ഒക്കെ വരുത്തുന്ന അക്ഷരത്തെറ്റ്.

വിമര്‍ശിക്കേണ്ട കാര്യങ്ങള്‍ വിമര്‍ശിക്കുന്നത് എനിക്കു മനസിലാകും. പക്ഷെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നതില്‍ ഞാന്‍ അപാകത കണ്ടു അത് പറഞ്ഞു. അത് ഏന്തെങ്കിലും ഗുണമുണ്ടാക്കാനൊന്നും അല്ല.

Faisal Mohammed said...

താങ്കള്‍ക്കും സംഭവിച്ച അക്ഷരത്തെറ്റ് ചൂണ്ടിക്കാണിക്കുന്നതിനെ, ഉരുണ്ടുകളിക്കുതായി തോന്നി എന്നു പറയുന്നത് സഹതാപമുണര്‍ത്തുന്നു, 100% ഉപയോഗശൂന്യമായ ഒരു രേഖ തന്നകാര്യം പറയുമ്പോള്‍ അക്കാര്യം സൌകര്യപൂര്‍വ്വം പരാമര്‍ശിക്കാതെ താങ്കള്‍ അക്ഷരത്തെറ്റില്‍ മാത്രം തൂങ്ങിക്കിടക്കുന്നത് ക്യാന്‍സറിനെ ടൈഗര്‍ ബാം പുരട്ടി ചികിത്സിക്കുന്നതു പോലെയല്ലെ ! ഒരു രേഖയ്ക്കായി നിരവധി ആപ്പീസുകള്‍ കയറിയിറക്കുന്നതിനും കൂടി പ്രതിഷേധിക്കുമ്പോള്‍ താങ്കള്‍ കണ്ടെത്തുന്ന പ്രതിവിധി അതിനെതിരെ അടുത്തയാളിനെ സമീപിക്കുക എന്നുള്ളതാണ് !!സാധാരണ ജനങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളും പൊട്ടത്തരങ്ങളും സഹിക്കാന്‍ വിധിക്കപ്പെട്ടവരും അതിനെതിരെ പ്രതികരിക്കുന്നവര്‍ ‘പച്ചപ്പരിഷ്കാരികളും’ സംസ്കാരമില്ലാത്തവരും !!!, കിട്ടിയ പീഡനവും കൊണ്ട് മിണ്ടാതിരിക്കല്‍ പോളിസി പിന്തുടര്‍ന്നാല്‍ ആ ഇരുത്തം മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ, കയ്യൊപ്പിട്ട രേഖ കാണിച്ചിട്ടും തുടരുന്ന വിശ്വാസക്കുറവ് ഉറക്കം നടിക്കലാണ്, മെമ്പറോ ബന്ധപ്പെട്ട മറ്റുള്ളവരോ ഈ പോസ്റ്റെങ്ങാനും കാണുവാന്‍ ഇടയായാല്‍ അടുത്ത തവണ അപേക്ഷയുമായി മുന്നിലെത്തുന്ന പൌരനോട് കുറച്ചുകൂടി ശ്രദ്ധയോടെ പെരുമാറും എന്നുള്ളതു തീര്‍ച്ചയാണ്. ആ അര്‍ത്ഥത്തില്‍ ഇത് ഗുണമുണ്ടാക്കുക തന്നെ ചെയ്യും.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

പാച്ചു,



അക്ഷരത്തെറ്റ് വലിയ കാര്യമെന്ന നിലയില്‍ എഴുതിയതിനെ മാത്രമേ ഞാന്‍ വിമര്‍ശിച്ചുള്ളു. പഞ്ചായത്ത് മെംബര്‍ക്ക് പഞ്ചായത്ത് എന്നെങ്കിലും എഴുതാന്‍ അറിഞ്ഞിരിക്കണമെന്നതിനെ മാത്രമേ ഞാന്‍ പരമര്‍ശിച്ചുള്ളു. വ്യവസ്ഥിതിയിലെ പാളിച്ചകളൊക്കെ ഇല്ല എന്നു ഞാന്‍ പറഞ്ഞില്ല.

സംവരണത്തിലൂടെ അല്ലാതെ മുഴുത്ത മെറിറ്റിലൂടെയൊക്കെ കയറിവന്നവര്‍ ഇരിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതിലും നാറിയ സംഗതികള്‍ നടക്കുന്നുണ്ട്. അതു പോലത്തെ അനുഭവം ഉണ്ടാകാത്ത ആരും തന്നെ ഉണ്ടാകില്ല. ഇപ്പോഴത്തേതാണ്‌ താങ്കളുടെ അറിവിലുള്ള‍ ആദ്യത്തെ അനുഭവമെങ്കില്‍ താങ്കള്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കും. സംവരണത്തിലൂടെ മെംബറായ ഒരാളേക്കുറിച്ച് എടുത്തെഴുതുന്നതിന്റെ ഗൂഡ ലക്ഷ്യം മനസിലാകാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.

ബ്ലോഗെഴുതുന്ന താങ്കള്‍ക്ക് അക്ഷരത്തെറ്റ് ഇല്ലാതെ ബ്ളോഗെഴുതന്‍ അറിഞ്ഞിരിക്കേണ്ടതില്ലേ എന്ന് ചോദിക്കാന്‍ മാത്രം വിഡ്ഡിയല്ല ഞാന്‍.അതു കൊണ്ട് അക്ഷരത്തെറ്റു വരുത്തുന്ന ആരെയും ഞാന്‍ ചീത്ത പറയാറില്ല. താങ്കളും അക്ഷരത്തെറ്റ് വരുത്തുന്നുണ്ട് എന്നു മനസിലാക്കിക്കാനാണു ഞാന്‍ ചിലത് ചൂണ്ടിക്കാണിചച്ത്. അത് സമ്മതിക്കുന്നതിനു പകരം മറ്റെന്തോ സാങ്കേതിക വിദ്യയുടെ കഥ പറഞ്ഞു. സാങ്കേതിക വിദ്യയില്‍ കുടുങ്ങാത്ത മറ്റ് ചിലത് ചൂണ്ടിക്കാണിച്ചപ്പോള്‍ എന്റെ അക്ഷരത്തെറ്റ് എടുത്തു തടയാന്‍ താങ്കള്‍ ശ്രമിച്ചു. . അതല്ലെ ഉരുളല്‍. എന്നിട്ട് ഞാന്‍ ഉരുണ്ടു കളിക്കുന്നു എന്ന ഒരാരോപണവും.

അക്ഷരത്തെറ്റ് വരുത്താതെ എഴുതാനുള്ള കഴിവ് എനിക്കില്ല. എല്ലാ കമന്റിലും അക്ഷരത്തെറ്റ് കാണും. പക്ഷെ അതിനെ ന്യായീകരിക്കാന്‍ ഞാന്‍ ഒരു ടെക്നിക്കല്‍ പദത്തിലും അഭയം തേടില്ല.

ഉപയോഗ ശൂന്യമായ ഒരു സാക്ഷ്യ പത്രം കിട്ടിയെങ്കില്‍ അത് തിരുത്തി വാങ്ങണം. അതാണ്‌ സാധാരണ ആളുകള്‍ ചെയ്യുക. താങ്കള്‍ കടയില്‍ നിന്നു എന്തെങ്കിലും വാങ്ങുമ്പോള്‍ 25 രൂപ ബാക്കി തരുന്നതിനു പകരം 15 താന്നാല്‍ താങ്കള്‍ എന്തു ചെയ്യം. അതും വാങ്ങി വീട്ടില്‍ പോയിരുന്ന് ഒരു ബ്ലോഗെഴുതുമോ? ഞാനാണെങ്കില്‍ അത് തെറ്റാണെന്ന് പറഞ്ഞ് ശരിക്കുള്ള ബാക്കി വങ്ങിയെടുക്കും.

താങ്കള്‍ക്ക് എന്തു ചെയ്യുവാനുമുള്ള സ്വാതത്ര്യം ഉണ്ടെന്ന് പറഞ്ഞ് നിറുത്തട്ടേ.


അക്ഷരഭ്യാസമിലാത്ത മെംബര്‍ താങ്കളുടെ ബ്ളോഗ് വായിക്കും എന്ന വിശ്വാസത്തിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

abith francis said...

പാച്ചുവേട്ടാ...

ഞങ്ങളും ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ട്...സമയം കിട്ടുമ്പോള്‍ ഒന്ന് കയറി നോക്കണേ...

"തറവാട്"

http://tharavadians.blogspot.com?