നോ കമന്റ്സ് പ്ലീസ്സ്

ചില വിപരീത കാഴ്ച്ചകള്‍

Tuesday, January 4, 2011

കുതിരാൻ N.H.47- ലെ ബർമുഡ ട്രയാങ്കിൾ


ദേശീയ പാത 47 ൽ തൃശൂർ ജില്ലയിലെ കുതിരാനിലെ ഇരുമ്പു പാലത്തിനു സമീപത്തു നടന്ന അപകടങ്ങളിലൊന്നിലെ ചില ദൃശ്യങ്ങൾ (18 +)

അപകടത്തെ തുടർന്ന് രൂപപ്പെട്ട ഗതാഗത സ്തംഭനം, അർദ്ധരാത്രിയിൽ ആറു മണിക്കുറുകളോളം കുതിരാനിലെ കാനനപാതയിൽ യാത്രക്കാർ കുടുങ്ങി.

രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മൂന്നു ക്രെയിനുകൾ.

മറിഞ്ഞ സിമന്റു കണ്ടൈനർ, അപകടത്തിൽ കൊല്ലപ്പെട്ട തൊഴിലാളിയേയും കാണാം.

പ്രൊക്ലൈനർ ഉപയോഗിച്ച് കണ്ടൈനർ ഉയർത്താൻ ശ്രമിക്കുന്നു. ഇരുമ്പു പാലത്തിനു സമീപം മോശം റോഡു കാരണം ലോറി തകരാറിലായപ്പോൾ അതു ശരിയാക്കാൻ വന്ന തൊഴിലാളിയായിരുന്നു...

ലോറിയുടെ അടിയിൽ കിടന്ന് റിപ്പയർ ചെയ്യുന്നതിനിടയിൽ ജാക്കികളിൽ നിന്ന് ലോറി തെന്നി തൊഴിലാളികൾ അതിനടിയിൽ പെട്ട് കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം.

അപകടം നടന്നതിനു സമീപം വശം തകർന്ന നിലയിൽ ഒരു ബസ്സും കിടപ്പുണ്ടായിരുന്നു, ബസ്സ് ലോറിയുടെ പിൻ വശത്തെ മൂലയിൽ തട്ടിയതിനെ തുടർന്നാണ് ജാക്കികളിൽ നിന്ന് തെന്നി മാറിയതെന്നും നാട്ടുകാർ പറയുന്നു, എതാണാവോ ശരി. രണ്ടു പേർ ദാരുണമായി കൊല്ലപ്പെട്ടു, ഒരാൾ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കു ശേഷം കണ്ടൈനർ അല്പമൊന്നുയർത്താനായപ്പോൾ അടിയിൽ നിന്ന് മൃതദേഹം വലിച്ചെടുക്കുന്നു.

തമിഴ്നാടു സ്വദേശികളായിരുന്നു തൊഴിലാളികൾ

ആംബുലൻസിലേക്ക്, അവസാന യാത്ര.

കുതിരാനിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേർന്ന്...
അപകടങ്ങൾ ആവർത്തിക്കരുതേയെന്നു പ്രാർത്ഥിച്ച്...

Friday, January 8, 2010

ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!



ഒരു പഞ്ചായത്തു പ്രതിനിധിയുടെ സ്ഥാനം അല്പം ഉയര്‍ന്നതു തന്നെയാണ്, മജിസ്ട്രേട്ടിന്റെ പവറുകളുള്ള ഒരു തഹ്സില്‍ദാരുടേതിന് ഒപ്പമോ അതിനു മുകളിലോ നില്‍ക്കും ഒരു പഞ്ചായത്തു വാര്‍ഡു മെമ്പറുടെ സാക്ഷ്യപ്പെടുത്തല്‍. പഞ്ചായത്തുമായി ബന്ധപ്പെട്ട് പൌരനു ലഭിക്കേണ്ട ഒട്ടു മിക്ക സര്‍ട്ടിഫിക്കേറ്റുകള്‍ക്കും വാര്‍‍ഡു മെമ്പറുടെ സാക്ഷ്യപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതു മുതല്‍ വിപുലമായ അധികാരങ്ങളുമുള്ളയാളാണ് വാര്‍ഡു പ്രതിനിധികള്‍, എല്ലാ ജോലികള്‍ക്കും യോഗ്യതകള്‍ വേണം എന്നിരിക്കേ, ഈ പദവിയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും വേണ്ടേ ചില മിനിമം യോഗ്യതകള്‍ ? വിദ്യഭ്യാസ യോഗ്യതയുണ്ടെങ്കില്‍ എല്ലാമായെന്നല്ല, ഇല്ലാത്തവരെല്ലാവരും മോശക്കാരാണെന്നുമല്ല, പക്ഷെ ഒരു പഞ്ചായത്ത് വാര്‍ഡുമെമ്പര്‍ക്ക് മിനിമം "പഞ്ചായത്ത് " എന്നെങ്കിലും തെറ്റുകൂടാതെ എഴുതുവാന്‍ അറിഞ്ഞിരിക്കേണ്ടേ ! പഞ്ചായത്താപ്പീസില്‍ നിന്നും റസി‍ഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കുന്നതിനായി വാര്‍ഡു മെമ്പറുടെ സാക്ഷ്യപത്രം വാങ്ങാന്‍ അപേക്ഷയുമായി പോയഒരാളുടെ അനുഭവം താഴെ കൊടുക്കുന്നു, അപേക്ഷകന്‍ മറ്റാരുമല്ല, ഈ ഞാന്‍ തന്നെ.

കഥ ഇതു വരെ -
അമേരിക്കയില്‍ പോകാനുള്ള വിസ ശരിയായ അപേക്ഷകന്‍ അവരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റു വാങ്ങാനായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തുന്നു, പുതിയ താമസക്കാരായതിനാല്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വേണം ​എന്നു പറഞ്ഞു അപേക്ഷ മടക്കിയതിനാല്‍ ആ സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ വില്ലേജ് ഓഫീസിലെത്തുന്നു, വില്ലേജ് ഓഫീസര്‍ ആ സര്‍ട്ടിഫിക്കറ്റു തരണമെങ്കില്‍ നിങ്ങള്‍ ഏതു പഞ്ചായത്തില്‍ നിന്നാണോ ആ പഞ്ചായത്തു സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റു വേണം എന്നു പറഞ്ഞു മടക്കിയതിനാല്‍ നേരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ കൊടുക്കുന്നു, പഞ്ചായത്ത് സെക്രട്ടറി ആ സര്‍ട്ടിഫിക്കറ്റു തരണമെങ്കില്‍ കരമടച്ച രശീതിയും കൂടെ നിങ്ങള്‍ ഏതു വാര്‍ഡിലാണോ ഉള്ളത് ആ വാര്‍ഡു മെമ്പറുടെ സാക്ഷ്യ പത്രവും വേണം എന്നു പറഞ്ഞു മടക്കിയതിനാല്‍ അതു സംഘടിപ്പിക്കാനായി വാര്‍ഡു മെമ്പറെ അന്വേഷിച്ചു നടക്കുന്നു - തുടര്‍ന്നു വായിക്കുക.

പുതിയ വീടെടുത്തു താമസിച്ചിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു, അതു കൊണ്ട് മെമ്പറെ പരിചയമില്ല, അയല്‍ക്കാരോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരു കിട്ടിയെങ്കിലും വേറെ ഒരു വിവരവും കിട്ടിയില്ല, നാട്ടില്‍ പരിചയമുള്ളവരോടൊക്കെ മെമ്പറെ പറ്റി അന്വേഷിച്ചപ്പോഴും, മൊത്തത്തില്‍ ഒരു പന്തികേടു പോലെ, ആര്‍ക്കും കക്ഷിയെക്കുറിച്ച് വെല്യ അറിവൊന്നുമില്ല, ഒടുവില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനമൊക്കെയുള്ള ഒരു എക്സ് - പ്രവാസിയോട് അന്വേഷിച്ചപ്പോഴാണ് ഒരു രഹസ്യം പോലെ ആളത് പറഞ്ഞത്, ഇത്തവണ നമ്മുടേത് ഒരു സംവരണ വാര്‍ഡ് ആയിരുന്നു. പാര്‍ട്ടിക്കാര് ആരെയോ പിടിച്ച് നിര്‍ത്തുകയായിരുന്നു, മിക്കവരും ഇയാളെ കണ്ടിട്ടില്ല. ഇനി ഒരു പക്ഷെ ദിവസവും കാണുന്നുണ്ടാകും പക്ഷെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കക്ഷി എങ്ങനെയിരിക്കുമെന്നും ആര്‍ക്കും അറിവില്ത, വാര്‍ഡിലെ റോഡ് തകര്‍ന്നപ്പോഴും, വെള്ളക്കെട്ടു വന്നപ്പോഴും വഴി വിളക്കു കേടായപ്പോഴും അങ്ങനെ പല ആവശ്യങ്ങള്‍ക്കും അദ്ദേഹവും മറ്റു നാട്ടുകാരും മെമ്പറെ തിരഞ്ഞു നടന്നു വെങ്കിലും കണ്ടു കിട്ടിയില്ലെന്നും എക്സ് പ്രവാസി ക്ഷോഭത്തോടെ പറഞ്ഞു, അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലം ഏകദേശം പറഞ്ഞു തരികയും ചെയ്തു, വീണ്ടും പലരോടും ചോദിച്ചു ചോദിച്ചു ഒടുക്കം ഞാനാ വീട് കണ്ടെത്തി, അതൊരു ത്രില്ലിങ്ങ് യാത്ര തന്നെയായിരുന്നു, ഏതാണ്ട് ഒന്നര കിലോ മീറ്റര്‍ മാത്രമുണ്ടായിരുന്ന ആ യാത്രയില്‍ അപേക്ഷകന്‍ പലപ്പോഴും വഴി തെറ്റി, എന്നാലും ആ യാത്രയ്ക്കൊരു ത്രില്ലുണ്ടായിരുന്നു, ഒരു കാലത്ത് തൊട്ടു കൂടാത്തവനും തീണ്ടിക്കൂടാത്തവനുമായി, സവര്‍ണ്ണന്റെ ദൃഷ്ടിയില്‍പെടാതെ മാറി നില്‍ക്കേണ്ടി വന്ന അതേ വീഥിയിലൂടെ, അവരില്‍ നിന്നുയര്‍ന്നു വന്ന, വാര്‍ഡിലെ പ്രഥമ പൌരന്റെ വീട്ടിലേയ്ക്കുള്ള, ആ യാത്രയ്ക്ക് അതിന്റേതായ ഒരു ത്രില്ലുണ്ടായിരുന്നു, അവരിലൊരാളാണിന്നിവിടുത്തെ അധികാരി, ആയിരത്തി എഴുനൂറിലധികം വോട്ടര്‍മാരുള്ള വാര്‍ഡിലെ പ്രഥമ പൌരന്‍ !, എല്ലാവരുടേയും പ്രതിനിധി !, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ നാടന്‍ ശീലുകള്‍ മൂളി നമ്മുടെ അപേക്ഷകന്‍ ഒടുവില്‍ മെമ്പറുടെ വീടിന്റെ മുമ്പിലെത്തി, മെമ്പറുടെ ഭാര്യയായിരുന്നു അവിടെയുണ്ടായിരുന്നത്, അദ്ദേഹം ജോലിക്കു പോയിരിക്കുകയാണെന്നും രാത്രി വീട്ടില്‍ ഉണ്ടാകുമെന്നും പറഞ്ഞു, രാഷ്ട്രീയം വരുമാന മാര്‍ഗ്ഗമാക്കാതെ ഇപ്പോഴും ജോലിക്കു പോകുന്ന മെമ്പറോട് അപേക്ഷകന് ബഹുമാനം തോന്നി.

രാത്രി എട്ടു മണിക്ക് അപേക്ഷകന്‍ മെമ്പര്‍ ഒപ്പിടേണ്ട കടലാസുകള്‍ ശരിയാക്കി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഏതാണ്ട് അമ്പതു വയസ്സു തോന്നിപ്പിക്കും, ഒരു തൊഴിലാളിയുടെ ശരീരം, തലയിലെ മഞ്ഞത്തുണിയും മുട്ടിനു താഴെ മടക്കി വെച്ചിരിക്കുന്ന പേന്റും കാരണം ഒരു സൈക്കിള്‍ യജ്ഞക്കാരനെ പോലെ തോന്നിച്ചു.സംസാരിച്ചപ്പോള്‍ അല്പം നാടനടിച്ചിട്ടുണ്ടെന്നും ബോധ്യമായി, രാവിലത്തെ അദ്ധ്വാനം മാറ്റാനായിരിക്കും, കണ്ടു കാര്യം പറഞ്ഞു, സംസാരം തുടങ്ങിയപ്പോള്‍ മുഖത്തൊരു ഗൌരവമൊക്കെ വന്നു തുടങ്ങിയിരുന്നു. പിന്നീട് കുറച്ച് ചോദ്യശരങ്ങളായിരുന്നു -

അപേക്ഷകന്‍ - ഒരു റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തീ കൊടുക്കാന്‍ മെമ്പറുടെ സാക്ഷ്യപത്രം വേണമായിരുന്നു.
മെമ്പര്‍ - അതിന് നമ്മളെ മുമ്പ് ഞാന്‍ കണ്ടിട്ടില്ലല്ലോ ?
- (അതു തന്നെയാണ് എല്ലാവരും പറയണത്, മെമ്പരെ ആരും കണ്ടിട്ടില്ലെന്ന് - ആത്മഗതം)
അപേക്ഷകന്‍ - ഞങ്ങ പുത്യേ താമസക്കാരാണ്.
മെമ്പര്‍ - ങ്ഹും !
അപേക്ഷകന്‍ - ഒപ്പിടാനുള്ളത് കൊടുന്നട്ട്ണ്ട്, ഇവിടെ ഒപ്പിട്ടാ മതി.
മെമ്പര്‍ - അതെനിക്കറിയാം, എവിടേ ഒപ്പ്ട്ണ്ടേന്ന്.
അപേക്ഷകന്‍ - അപേക്ഷേം കൂടേണ്ട്.
മെമ്പര്‍ - ങ്ഹും നോക്കട്ടേ ?
അപേക്ഷകന്‍ - അത് പഞ്ചായത്ത് സെക്രട്ടറിക്ക്ള്ള അപേക്ഷയാണ്, മെമ്പര്‍ക്ക്ള്ളത് ദാ ഇതാണ്.
മെമ്പര്‍ - നിക്കറിയാം ഏതാണെന്ന്, എന്നാലും ഞാനിതും നോക്കും , ങ്ഹൂം ?
അപേക്ഷകന്‍ - ഓ ആയിക്കോട്ടെ.
മെമ്പര്‍ ആദ്യ അപേക്ഷ വിശദമായി വായിച്ചു, പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും കടലാസുകള്‍ വായിക്കാന്‍ തുടങ്ങി.
അപേക്ഷകന്‍ - മെമ്പറേ, അതല്ല, മെമ്പര്‍ക്കുള്ളത് ആദ്യത്തേതു മാത്രമേ ഉള്ളൂ !
മെമ്പര്‍ - അതെനിക്കറിയാം ഞാനാണല്ലോ മെമ്പറ്, എനിക്കറിയാം.
ഒരു പതിനഞ്ച് മിനിറ്റോളം മെമ്പറ് ആ കടലാസുകള്‍ തിരിച്ചും മറിച്ചും നോക്കി, ശേഷം
മെമ്പര്‍ - ഇതൊക്കെ തെറ്റാണ്, ഇങ്ങനെയല്ല അപേക്ഷയെഴുതുക,
(ഈശ്വരാ, കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഒരു സര്‍ക്കാരാപ്പീസില്‍ ജോലി ചെയ്യുന്നു, ​എത്രയോ അപേക്ഷകള്‍ പരിശോധിച്ചിരിക്കുന്നു, എത്രയോ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയിരിക്കുന്നു )
മെമ്പര്‍ - ഇതെന്താ എഴുതിയിരിക്കുന്നത്, പ്രേക് ക് പ്രേക്ഷിതന്‍... ,
മെമ്പറ് തപ്പി തപ്പി വായിക്കാന്‍ തുടങ്ങി, ഭീകരമായിരുന്നു ആ അനുഭവം, ഞങ്ങളുടെ വാര്‍ഡിലെ തകര്‍ന്ന റോ‍ഡിലൂടെ ഓട്ടോറിക്ഷ പോകുന്നതാണ് ഓര്‍മ്മ വന്നത്, വെറും നാലു വരി മാത്രമുണ്ടായിരുന്ന ആ അപേക്ഷയിലെ ആദ്യ വരിയൊന്നു വായിച്ചവസാനിപ്പിക്കാന്‍ മെമ്പറ് കുറച്ചു ബുദ്ധിമുട്ടി, ശേഷം
മെമ്പര്‍ - ഈ അപേക്ഷ മുഴുവന്‍ തെറ്റാണ്, ഇങ്ങനെയല്ല ഒരു മെമ്പര്‍ക്ക് അപേക്ഷയെഴുതുക !
അപേക്ഷകന്‍ തകര്‍ന്ന് ഇരിക്കുകയാണ്, ഇത്തരം ഒരു വായന പ്രതീക്ഷിച്ചില്ല, എങ്ങനെ ബോധ്യപ്പെടുത്തിക്കൊടുക്കും ? ഒരു രക്ഷയുമില്ല !
മെമ്പര്‍ കുറ്റം പറയുന്ന അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അഡ്രസ്സ് ചെയ്തിട്ടുള്ളതാണ്, അദ്ദേഹത്തിന് ആവശ്യമുള്ള രേഖയേതാണെന്നു പോലും തിരിച്ചു മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല‌. അദ്ദേഹം വായിച്ച് ഒരു വിതം അവസാനിപ്പിച്ച് വരുമ്പോഴേക്കും മൊബൈല്‍ റിങ്ങ് ചെയ്യും, അതില്‍ രണ്ടു മിനിറ്റു സംസാരിച്ച്തെങ്ങു കയറ്റ ഡീല്‍ ഉറപ്പിച്ച് തിരിച്ച് അപേക്ഷയിലെത്തിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങും, പ്രേ...പ്രേ...ക് .....പ്രേക്ഷി....
മെമ്പര്‍ - ഇതിലെന്താ പഴയ വാര്‍ഡു നമ്പര്‍ തെറ്റാണല്ലോ ? അതു ശരിയല്ല
അപേക്ഷകന്‍ - മെമ്പറേ അതു തെറ്റല്ല ശരിയാണ്, ഞാന്‍ രണ്ടു തവണ ആ നമ്പറില്‍ നികുതി അടച്ചിട്ടുണ്ട്, എന്റെ കയ്യില്‍ അതിന്റെ രശീതിയുണ്ട്.
മെമ്പര്‍ - താനെന്നെ പടിപ്പിക്കണ്ട, ഞാന്‍ മെമ്പറാണ്. ഇപ്പള്‍ത്തെ പതിനഞ്ചാം വാര്‍ഡ് പഴയ അഞ്ചാം വാര്‍ഡല്ല !, പഴയ ഒന്നാം വാര്‍ഡാണ് ഇപ്പള്‍ത്തെ അഞ്ചാം വാര്‍ഡ് !!! പുതിയ പതിനഞ്ചാം വാര്‍ഡ് അപ്പോ....അപ്പോ....അപ്പോ...?
വീണ്ടും മെമ്പറ് തപ്പി നില്‍ക്കുകയാണ്. അപേക്ഷകന്‍ തലയും കുമ്പിട്ട് തകര്‍ന്നു നില്‍ക്കുകയാണ്.
ഒടുവില്‍ ആള് അസന്നിഗ്ദമായി പ്രഖ്യാപിച്ചു,
മെമ്പര്‍ - ഈ അപേക്ഷ ശരിയല്ല. സാക്ഷ്യ പത്രം ശരിക്ക് ഞാനെഴുതിത്തരാം...!
അങ്ങനെ മെമ്പര്‍ അപേക്ഷകന് സാക്ഷ്യപത്രം എഴുതാന്‍ തുടങ്ങി, അഞ്ചു മിനിറ്റ് അപേക്ഷയിലേയ്ക്കു നോക്കും എന്നിട്ട് ഒരു വാക്ക് എഴുതും, വീണ്ടും അഞ്ചു മിനിറ്റ് വായന പിന്നെ ഒരു വാക്ക് എഴുത്ത്, അങ്ങനെ ഒന്നര മണിക്കൂറെടുത്തു എഴുതിതന്ന ഉത്തരവാദിത്തപ്പെട്ട ഒരു രേഖയാകുന്നു മുകളില്‍ കണ്ടത് !, അതില്‍ അപേക്ഷകനായ എന്റെ പേരില്ലെങ്കിലെന്താ ഇനീഷ്യലില്ലേ ! അപേക്ഷയില്‍ വെച്ചിരുന്ന എന്റെ വിലാസമില്ലെങ്കിലെന്താ ! എന്റെ പിതാവിന്റെ പേരില്ലേ !, പുതിയ വാര്‍ഡു നമ്പറും കെട്ടിട നമ്പരുമില്ലെങ്കിലെന്താ ! മെമ്പറുടെ ഒപ്പില്ലേ ! ഈ കടലാസും കൊണ്ടു പോയാല്‍ എനിക്കൊരു കോപ്പും കിട്ടാന്‍ പോകുന്നില്ല - ആയതിനാല്‍ ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!

സീറ്റിന്റെ എണ്ണം തികയ്ക്കാന്‍ അക്ഷരാഭ്യാസം പോലുമില്ലാത്തവരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയക്കാരും പാര്‍ട്ടിക്കാരവതരിപ്പിക്കുന്നവര്‍ക്ക് കണ്ണുമടച്ചു വോട്ടു ചെയ്യുന്ന നാട്ടുകാരും !!
ചില രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം കൂടി നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാവേണ്ടതുണ്ട് ! അല്ലാത്തിടത്തോളം ഒരിക്കല്‍ വോട്ടു ചെയ്തു ജയിപ്പിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ജനങ്ങളെ ഇവരിങ്ങനെ പീഡിപ്പിച്ചുകൊണ്ടേയിരിക്കും
- ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!





Sunday, December 20, 2009

ഫയര്‍ഫോഴ്സിന്റെ നിലവിളി


റബ്ബര്‍ ഉണക്കാനിടുന്ന പുകപ്പുരയില്‍ നിന്ന് തീ പടര്‍ന്ന് വീടും ഒരു ജന്മത്തിലെ സമ്പാദ്യങ്ങള്‍ മുഴുവനും തീയിലമര്‍ന്ന് നശിക്കുന്നത് തൊടുപുഴയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ ഒരു പതിവു കാഴ്ചയാണ്, എത്രയൊക്കെ മുന്‍ കരുതലെടുത്താലും റബ്ബര്‍ തോട്ടങ്ങളില്‍ നിന്ന് തീ പിടുത്ത വാര്‍ത്തകള്‍ വന്നു കൊണ്ടേയിരിക്കും.

Sunday, November 9, 2008

തെരുവിന്റെ മക്കൾ

അവരുടെതല്ലാത്ത തെറ്റിന് തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ടവർ, അവരുടെ നാളെ....?

Wednesday, June 4, 2008

വേഗതയുടെ ലോകത്തില്‍

നിസ്സംഗമായ ഭാവത്തോടെ അവനാ ട്രാക്കില്‍ കുറച്ചുനേരമിരിന്നു,
മത്സരത്തിനു വിസില്‍ മുഴങ്ങാറായതോടെ മാറി കൂട്ടുകാര്‍ക്കിടയില്‍ ലയിച്ചു,
അതിനു ശേഷവും മുമ്പും അവനെ കണ്ടിട്ടില്ല,
ആ ഭാവം ഒരു വേദനയായി എന്നും നിറഞ്ഞു നില്‍ക്കും.

Saturday, May 10, 2008

വിജയനടിച്ച ഗോള്‍

ക്ഷമിക്കണം, നമ്മുടെ കറുത്തമാന്‍ ഐ.എം.വിജയനടിച്ച ഗോളിനെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്സിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറി സഖാവ്: പിണറായ് വിജയനടിച്ച ഗോളിനെപ്പറ്റിയാണ്‍ പറഞ്ഞുവന്നത്, സഖാവിന്റെ ഒരേയൊരു മകള്‍ വീ‍ണയും സുനീഷും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നെന്നകാര്യം പാര്‍ട്ടിപത്രത്തിലൂടെ മാലോകര്‍ അറിഞ്ഞു കാണുമല്ലോ !, അതറിഞ്ഞതുമുതല്‍ മൊത്തത്തിലൊരു ചാകരകിട്ടിയ സുഖമായിരുന്നു എല്ലോര്‍ക്കും, പക്ഷേങ്കില്‍ ഹാളില്‍ ചെന്നപ്പൊ എല്ലാ ആവേശവും പോയി, ശ്രീനിവാസന്‍ പറഞ്ഞതു പോലെ ഒരു രക്തഹാരം അങ്ങോട്ടിടുന്നു, ഒരു രക്തഹാരം ഇങ്ങോട്ടിടുന്നു, സദ്യയ്ക്കുപകരം നല്ല സുന്ദരന്‍ പാലടപായസം, പ്രമേഹരോഗികള്‍ക്കു ചക്കരകമ്മി കട്ടനും, ശ്ശൊ വെല്ലാത്തൊരു ചെയ്ത്തായിപ്പോയി, രണ്ടാഴ്ച്ച ആഘോഷിക്കാനുള്ള വഹകളല്ലേ പത്രക്കാര്‍ക്കു മിസ്സായേ !, അതിന്‍ ആ കൊടിയേരി സഖാവിനെ കണ്ടു പടിക്കണം, പുത്തന്‍ പി.ബി.മെമ്പറ് മനസ്സു വെച്ച് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഒരാഴ്ച്ച തകര്‍ക്കാനുള്ള വഹകളല്ലേ കിട്ടിയത്, ഇനിയിപ്പോ സന്തോഷ് മാധവനെങ്കി സന്തോഷ് മാധവന്‍, വലിച്ചു നീട്ടുക തന്നെ !
തോക്കില്ലാതെ ഉണ്ടമാ‍ത്രവും കൊണ്ടുനടക്കാമെന്നു തെളിയിച്ച പീണറായി സഖാവിനോടാ കളി, ഹല്ല പിന്നെ !!!

Tuesday, February 19, 2008

കണ്ണീര്‍പൂക്കളോടെ............


വര്‍ഷം 2007, മാസം ഫെബ്രുവരി, തിയതി 20, ചൊവ്വാഴ്ച്ച സമയം വൈകീട്ട് ഏതാണ്ട് 6 മണി:-
അന്നത്തെ ചെറിയ അസ്സൈന്മെന്റുകള്‍ പൂര്‍ത്തിയാക്കി എട്ടുമണി തികയാന്‍ കാത്തിരിക്കുകയായിരുന്നു റൂമില്‍ പോകാന്‍, നേരം പോകാന്‍ ടി.വി. വെച്ചു, ഇന്ത്യാ വിഷനില്‍ ബ്രേക്കിംഗ് ന്യൂസ്,
“തട്ടേക്കാട് ഭുതത്താന്‍ കെട്ടിന്റെ ജലസംഭരണിയില്‍ ബോട്ടുമുങ്ങി വിദ്യാര്‍ത്ഥികളടക്കം മുപ്പതോളം പേരെ കാണാതായി, ഇരുട്ടു പരന്നു തുടങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടം”
ആദ്യ നടുക്കത്തിനു ശേഷം ഒരു ചെറിയ തമാശയാണു തോന്നിയത്, ഇത് കവര്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവന്റെ ഒരു കാര്യം, ഇരുട്ടത്ത് എങ്ങനെ പടമെടുക്കാന്‍ !, വാര്‍ത്തയുടെ വിശദാംശത്തിലേയ്ക്കു നീങ്ങവേ, മൊബൈലിലൊരു റിങ്ങ്, ഡെസ്കില്‍ നിന്നാണ്, ന്യൂസ് എഡിറ്റര്‍ ദി ഗ്രേറ്റ് :-
“ കാര്യങ്ങള്‍ അറിഞ്ഞില്ലേ, സംഭവം നമ്മുടെ പരിധിയില്‍ പെട്ടതല്ല, എന്നാലും ഒരുപക്ഷേ സ്ഥലത്ത് എളുപ്പം എത്തിപ്പെടാന്‍ പറ്റുക തൊടുപുഴയില്‍ കിടക്കുന്ന തനിക്കാവും, ഇപ്പോള്‍ തന്നെ കാറുമെടുത്ത് പുറപ്പെട്ടോളൂ”
“യെസ്സ് സര്‍” ഉള്ളിലെ പഴയ എന്‍.സി.സി. അണ്ടര്‍ ഓഫീസര്‍ ഉണര്‍ന്നു, ചടുപടേന്ന് പൂട്ടിക്കെട്ടി എല്ലാ എക്യുപ്മെന്റും തയ്യാറാക്കി, കാറില്‍ കയറവേ ഇടുക്കി പ്രസ്സ് ക്ലബ്ബ് ജീവനക്കാരന്‍ ശ്രീകുമാറും കൂട്ടിനുവന്നു, പതിയെ പതിയെ സംഭവത്തിന്റെ ഗൌരവം മനസ്സിലായി ത്തുടങ്ങി, ശരീരം ചെറുതായി വിറക്കുന്നതു പോലെ, ആദ്യമായിട്ടാണ് ഒരു ദുരന്തം കവര്‍ ചെയ്യുന്നത്, അതും കൊച്ചു കുഞ്ഞുങ്ങളുടെ, ഹാ, ശ്രീകുമാറെല്ലാം കൂടെ ഉണ്ടെല്ലോ !
പാച്ചു ഭായ്, ഞാന്‍ കാറില്‍ നിന്നിറങ്ങില്ല, കെട്ടോ ? എന്തൊരു ഭീകരമാകും കാര്യങ്ങള്‍ ? എനിക്കു കാണാന്‍ വയ്യ !
ഈശ്വരാ ! എന്റെ കാര്യം,
കൃത്യമായി എവിടെയാണു മുങ്ങിയതെന്നും അറിയില്ല, തട്ടേക്കാട് എവിടെയോ ആണ്, അതിനിടയില്‍ മൊബൈലില്‍ നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു, മഹാരഥന്മാരായ എന്റെ സീനിയേര്‍സ് കൃത്യമായി കാര്യങ്ങള്‍ കോ ഓഡിനേറ്റ് ചെയ്യുന്നുണ്ടായിരുന്നു, നിര്‍ദ്ദേശാനുസ്സരണം കോതമംഗലം ആശുപത്രികളുടെ പരിസരമാണ് നമ്മുടെ അസ്സൈന്മെന്റ് പരിധി, ആദ്യം ഒരു സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക്, അവര്‍ക്കാകട്ടെ സംഭവത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ലെന്ന്, തുടര്‍ന്നു മറ്റൊരാശുപത്രിയിലെയ്ക്ക്, ചെറിയൊരാള്‍കൂട്ടം മാത്രം, അവിടെ ആരൊയോ കൊടുന്നിട്ടുണ്ട്ത്രേ, നോക്കി നില്‍ക്കേ ആള്‍ക്കൂട്ടം ഒരു ജനസമുദ്രമായി മാറി, അവിടുത്തെ ജനക്കൂട്ടവും മോര്‍ച്ചറിയിലെ രണ്ടുകുഞ്ഞുങ്ങളുടെ മൃതദേഹവും പകര്‍ത്തി ധര്‍മ്മഗിരി ആശുപത്രിയിലേയ്ക്ക്, പുറത്തിറങ്ങിയപ്പോള്‍ കൊച്ചിക്കാരായ സീനിയര്‍ സഹപ്രവര്‍ത്തകരുടെ കാര്‍ നേരെ മുന്നില്‍ വന്നു നിന്നു, അവര്‍ വരുന്ന വഴി, ന്യൂസ് എഡിറ്ററെ മനസ്സില്‍ നമിച്ചു, അദ്ദേഹം കണക്കുകൂട്ടിയതുപോലെ തന്നെ, ആദ്യമെത്തിയതു തൊടുപുഴക്കാരന്‍ ! അത്ര സമയം കൊണ്ട് അറിഞ്ഞ കാര്യമത്രയും ഒരൊറ്റ നിമിഷം കൊണ്ടു പറഞ്ഞു തീര്‍ത്തു, മൂന്നു യൂണിറ്റായി പിരിഞ്ഞു, ധര്‍മ്മഗിരി ആശുപത്രിയിലേയ്ക്കു കുതിക്കുന്നതിനിടയില്‍ സുഹൃത്തുകളായ മറ്റു പത്രക്കാരോട് നാട്ടുകാര്‍ തട്ടിക്കയറുന്നത് കാണുന്നുണ്ടായിരുന്നു, അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം, ഞാന്‍ മോര്‍ച്ചറിയിലേയ്ക്കു കുതിച്ചു,
ഇത്തരം സ്ഥലങ്ങളില്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ പത്രക്കാരുടെ മെക്കിട്ടുകയറുന്നവരുണ്ട്, ഒരൊറ്റ നോട്ടത്തില്‍ ഇവരേയും ഇവരുടെ മാനസികാവസ്ഥയും നമുക്കു തിരിച്ചറിയാം, അതില്പെട്ടവരല്ലാത്തവരുമുണ്ട്, മേലനങ്ങി ഒരു രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതെ പത്രക്കാരോട് കയര്‍ക്കാന്‍ മാത്രം നോക്കുന്നവര്‍, അവരേയും ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം.
അപ്പോഴേയ്ക്കും കോതമംഗലം നിറഞ്ഞുകവിഞ്ഞിരുന്നു, ആരേയും ആശുപത്രിയിലേയ്ക്ക് കയറ്റിവിടുന്നുണ്ടായിരുന്നില്ല, ഐഡി കാര്‍ഡു മറച്ചുപിടിച്ചിരിക്കുകയായിരുന്നു, കാണിച്ചപ്പോള്‍ കയറ്റിവിട്ടു, ജനസമുദ്രം പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പ്ലാസ്റ്റിക്ക് കാര്‍ഡിന്റെ ബലത്തില്‍ ആശുപത്രി മോര്‍ച്ചറിയില്‍ കയറിയപ്പോള്‍ കുറച്ചഹങ്കാരം തോന്നിയതു നിഷേധിക്കുന്നില്ല,
എല്ലാം അകത്തുകയറിയപ്പോള്‍ തീര്‍ന്നു, നിരനിരയായി ക്കിടക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍, അലമുറയിടുന്ന അച്ഛനമ്മമാര്‍, കുഞ്ഞുങ്ങളെല്ലാം സ്കൂള്‍ യൂണിഫോമില്‍, വീട്ടിലെ കുട്ടികളേയാണ് ഓര്‍മ്മവന്നത്, എല്ലാ മുഖവും വീട്ടിലെ പ്രിയപ്പെട്ട കുട്ടികളേപ്പോലെ, ഒരു ടീച്ചര്‍ സഹപ്രവത്തകയുടെ മൃതശരീരം കെട്ടിപ്പിടിച്ചുകരയുന്നു, ഒരച്ഛന്‍ തന്റെ ഇരട്ടക്കുട്ടികളെ കെട്ടിപ്പിടിച്ചുകരയുന്നു, ഞാന്‍ പടം എടുത്തു കൊണ്ടേയിരുന്നു, ക്യാമറ പ്രോഗ്രാം മോഡിലായിരുന്നോ മാനുവലിലായിരുന്നോ, ഫ്ലാഷ് വീണിരുന്നോ, ഐ.എസ്.ഒ കൃത്യമായിരുന്നോ, വൈറ്റ് ബാലന്‍സ് ഏതായിരുന്നു, ഒന്നുമെനിക്ക് ഇപ്പോഴും ഓര്‍മ്മയില്ല, ഞാന്‍ പടം എടുത്തുകൊണ്ടേയിരുന്നു.
അതു കഴിഞ്ഞു പാരിഷ് ഹാളിലേയ്ക്ക്, രക്ഷപ്പെട്ട കുട്ടികളവിടേയാണ്, പ്ലാസ്റ്റിക് കസേരയില്‍ തളര്‍ന്നിരിക്കുന്ന കുട്ടികള്‍, ‍അപകടത്തിന്റെ ഞെട്ടല്‍ അവരുടെ മുഖത്ത് മായാതെ കിടക്കുന്നുണ്ടായിരുന്നു, ഒരച്ചന്‍ മകനെ മടിയില്‍ കിടത്തി ആശ്വസിപ്പിക്കുന്നു, രണ്ടുപേരും ഒന്നും പറയുന്നില്ലെങ്കിലും,
വേദനിപ്പിക്കുന്ന കാഴ്ച്ച അവിടേയുമുണ്ടായിരുന്നു, രക്ഷപ്പെട്ട കുട്ടികള്‍ക്കിടയില്‍ സ്വന്തം മക്കളെ തിരയുന്നവര്‍, ഓരോ സമയം കഴിയുന്തോറും അവരുടെ മുഖത്ത് ആധി അധികരിച്ചു വന്നു, ഒടുവില്‍ രക്ഷപ്പെട്ട അവസാനത്തെ കുട്ടിയും തന്റേതല്ലെന്നു തിരിച്ചറിഞ്ഞ്, അതൊരു പൊട്ടിത്തെറിയായ് മാറുമ്പോള്‍, അതിലെ വാര്‍ത്താപ്രാധാന്യം അറിഞ്ഞിട്ടും കയ്യിലെ ക്യാമറ ഉയരുന്നുണ്ടായിരുന്നില്ല, അതൊരു തിരിച്ചറിവാണ്, എനിക്കൊരിക്കലും നല്ലൊരു പ്രെസ്സ് ഫോട്ടോഗ്രാഫറാകാന്‍ കഴിയില്ലെന്നുള്ള തിരിച്ചറിവ്,
മനസില്‍ മായാതെ നില്‍ക്കുന്ന ഒരു ദൃശ്യം ( ക്യാമറ കൊണ്ട് പകര്‍ത്തിയാല്‍ ഫിലിമില്‍ / ഇമേജ് സെന്‍സറില്‍ പതിയും, അല്ലാതെ പകര്‍ത്തിയാല്‍ മനസ്സില്‍ പതിയും, ഫോര്‍മാറ്റാവാതെ കിടക്കുകയും ചെയ്യും ) പാരിഷ് ഹാളില്‍, രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ പേര് വിളിച്ചു പറയുന്ന അനൌണ്‍സര്‍, ഒരു പെണ്‍കുട്ടിയുടെ പേര് വിളിക്കുന്നു, ആ കുഞ്ഞിന്റെ അച്ഛന്‍ ,ഒരു സാധു മനുഷ്യന്‍, പ്രതീക്ഷയോടെ കണ്ണീരു തുടച്ച് ഓടിച്ചെല്ലുന്നു, അദ്ദേഹത്തോട് അനൌണ്‍സര്‍, കുഴപ്പമൊന്നുമില്ല കുഞ്ഞ് അപ്പുറത്തെ ഹാളിലുണ്ടെന്നു പറയുന്നു, അതു കേട്ട് അച്ഛന്‍ മറ്റുള്ളവരോടതു പറയുവാന്‍ പുറം തിരിഞ്ഞപ്പോള്‍, അനൌണ്‍സര്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു, അവള്‍ പോയികെട്ടോ ! അതറിയാതെ സന്തോഷം കൊണ്ട് കണ്ണുനീര്‍ തുടക്കുന്ന അച്ഛനും അദ്ദേഹത്തോടതു പറയാന്‍ കഴിയാതെ നില്‍ക്കുന്ന അനൌണ്‍സറുടെ മുഖവും, അതു പകര്‍ത്താന്‍ കഴിയാതെ നില്‍ക്കുന്ന ഈയുള്ളവനും, ആ ആശ്വാസം ഒരു പൊട്ടിക്കരച്ചിലായി മാറുന്നതു കാണാന്‍ ത്രാണിയില്ലാത്തതിനാല്‍ ഞാനതിലവസാനിപ്പിച്ചു.
ഇതിനിടയില്‍ വീട്ടില്‍ നിന്നും പെങ്ങള്‍ടെ ഫോണ്‍, “ടിവിയില്‍ എന്തോ പ്രശ്നം കാണിക്കുന്നുണ്ടല്ലോ ? നീ അവിടേയാണോ ?”
“ഏയ് അല്ല, ഞാന്‍ ഓഫീസില്‍ തന്നെയുണ്ട്, ( അല്ലേല്‍ അമ്മ ഇന്നുറങ്ങില്ല) നീ കുഞ്ഞുങ്ങളെ സൂക്ഷിക്കണേ !”
പടംസ് അയക്കുമ്പോള്‍ തൊട്ടടുത്ത് ഒരു സീനിയര്‍ ഫോട്ടോഗ്രാഫര്‍, അദ്ദേഹം തീപ്പെട്ടി ഉരച്ചു കത്തിച്ചു ചുണ്ടിലേയ്ക്ക് അടുപ്പിച്ചപ്പോഴാണ് ശ്രദ്ധിച്ചത്, സിഗരറ്റ് വെച്ചിട്ടില്ലായിരുന്നു, ആകെ ഉലഞ്ഞായിരുന്നു അദ്ദേഹം നിന്നിരുന്നത്, ഇവരുടെ സമപ്രായക്കരായ രണ്ടു കുഞ്ഞുങ്ങളാണദ്ദേഹത്തിനെന്ന് പിന്നീടറിഞ്ഞു,
പടങ്ങള്‍ കണ്ട് ന്യൂസ് എഡിറ്റര്‍ അടക്കം ഡെസ്കില്‍ നിന്നും പലരും വിളിച്ചഭിനന്ദിച്ചു, ഒരു തുടക്കക്കാരനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം, ഒരച്ഛന്റെ സന്തോഷം ഉള്ളില്‍ കിടന്നു പൊള്ളുമ്പോള്‍ , എന്തു തോന്നാന്‍.
ഹൈറേഞ്ചിന്റെ ദുര്‍ഘട പാതകളിലൂടെ വിതരണം നടത്തേണ്ടതിനാല്‍ എല്ലാ പത്രങ്ങളും വളരെ നേരത്തെ അച്ചടിക്കുന്ന ഇടുക്കിയില്‍ ഞങ്ങളുടെ പത്രത്തിന്റെ ഒരു പേജുമുഴുവന്‍ എന്റെ പടങ്ങള്‍ക്കായി നീക്കി വെച്ചു,
ന്യൂസ് എഡിറ്ററുടെ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്, “ ഈ സംഭവത്തില്‍ നമ്മള്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്, അഭിനന്ദങ്ങള്‍”
ഒരു തുടക്കക്കാരനായ എന്നെ മൈന്‍ഡു ചെയ്യാതിരുന്നവരെല്ലാം പിറ്റേന്നു വിളിച്ചു പറഞ്ഞു, തകര്‍ത്തു അല്ലേ !, സഹപ്രവര്‍ത്തകരില്‍ നിന്നു അഭിനന്ദന പ്രവാഹം, ഏറ്റവും ബഹുമാനിക്കുന്ന സീനിയര്‍, ഡെസ്കില്‍ എനിക്കു ലഭിച്ച അപ്രീസിയേഷനെക്കുറിച്ചു വാചാലനാകുന്നു,
പകലുകള്‍ അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നു, രാത്രികള്‍ സത്യം പറയട്ടെ- ഉറങ്ങാന്‍ പറ്റുന്നില്ല, തട്ടേക്കാട്ടെ നീലിച്ച ജലാശയത്തില്‍ നിന്നും ഒരു മുടിച്ചുരുള്‍ ഉയരുന്നു, ഒരു കൈ ഉയര്‍ന്നു വരുന്നു, ഒരു ഹുങ്കാര ശബ്ദം കേല്‍ക്കുന്നു, എന്നെ മാമാ ന്ന് ആരേലും വിളിക്കുന്നുണ്ടോ ? എന്റെ കുഞ്ഞുങ്ങള്‍, ഞാന്‍ വഞ്ചിയില്‍ പോയ ആ ജലാശയത്തിനു കീഴെ പതിനഞ്ചു കൊച്ചു കുഞ്ഞുങ്ങളുടെ ആത്മാവുണ്ടായിരുന്നു, ആ അച്ഛന്‍ എപ്പോഴാവും സത്യം അറിഞ്ഞത് ? ആ കുഞ്ഞുങ്ങളുടെ ശ്വാസം മുട്ടല്‍, അവരുടെ പിടച്ചില്‍ , അതിന്റെ പേരില്‍ നേടിയെടുത്ത അഭിനന്ദനങ്ങള്‍, നീല ജലാശയത്തിന്നടിത്തട്ടില്‍ നിന്നും ഒരു കൂട്ടം കുഞ്ഞു കാലുകള്‍ മുകളിലേയ്ക്കുയരുന്നുണ്ടോ ? കണ്ണീര്‍പൂക്കളോടെ....................മാപ്പ്
കണ്ണീര്‍ പൂക്കളോടെ....................


രക്ഷപെട്ടവരില്‍ സ്വന്തം കുട്ടികളെ തിരയുന്നവര്‍



കോതമംഗലത്തു നിന്നു മൃതദേഹങ്ങള്‍ കുട്ടികള്‍ പടിച്ച സ്കൂളിലേയ്ക്കു കൊണ്ടു പോകുന്നു





ദുരന്തത്തിനു കാരണമായ ബോട്ട്


പിറ്റേന്ന് ബോട്ട് ജനങ്ങള്‍ കരക്കു കയറ്റിയപ്പോള്‍