ചില വിപരീത കാഴ്ച്ചകള്‍

Tuesday, February 19, 2008

കണ്ണീര്‍പൂക്കളോടെ............


വര്‍ഷം 2007, മാസം ഫെബ്രുവരി, തിയതി 20, ചൊവ്വാഴ്ച്ച സമയം വൈകീട്ട് ഏതാണ്ട് 6 മണി:-
അന്നത്തെ ചെറിയ അസ്സൈന്മെന്റുകള്‍ പൂര്‍ത്തിയാക്കി എട്ടുമണി തികയാന്‍ കാത്തിരിക്കുകയായിരുന്നു റൂമില്‍ പോകാന്‍, നേരം പോകാന്‍ ടി.വി. വെച്ചു, ഇന്ത്യാ വിഷനില്‍ ബ്രേക്കിംഗ് ന്യൂസ്,
“തട്ടേക്കാട് ഭുതത്താന്‍ കെട്ടിന്റെ ജലസംഭരണിയില്‍ ബോട്ടുമുങ്ങി വിദ്യാര്‍ത്ഥികളടക്കം മുപ്പതോളം പേരെ കാണാതായി, ഇരുട്ടു പരന്നു തുടങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടം”
ആദ്യ നടുക്കത്തിനു ശേഷം ഒരു ചെറിയ തമാശയാണു തോന്നിയത്, ഇത് കവര്‍ ചെയ്യാന്‍ വിധിക്കപ്പെട്ടവന്റെ ഒരു കാര്യം, ഇരുട്ടത്ത് എങ്ങനെ പടമെടുക്കാന്‍ !, വാര്‍ത്തയുടെ വിശദാംശത്തിലേയ്ക്കു നീങ്ങവേ, മൊബൈലിലൊരു റിങ്ങ്, ഡെസ്കില്‍ നിന്നാണ്, ന്യൂസ് എഡിറ്റര്‍ ദി ഗ്രേറ്റ് :-
“ കാര്യങ്ങള്‍ അറിഞ്ഞില്ലേ, സംഭവം നമ്മുടെ പരിധിയില്‍ പെട്ടതല്ല, എന്നാലും ഒരുപക്ഷേ സ്ഥലത്ത് എളുപ്പം എത്തിപ്പെടാന്‍ പറ്റുക തൊടുപുഴയില്‍ കിടക്കുന്ന തനിക്കാവും, ഇപ്പോള്‍ തന്നെ കാറുമെടുത്ത് പുറപ്പെട്ടോളൂ”
“യെസ്സ് സര്‍” ഉള്ളിലെ പഴയ എന്‍.സി.സി. അണ്ടര്‍ ഓഫീസര്‍ ഉണര്‍ന്നു, ചടുപടേന്ന് പൂട്ടിക്കെട്ടി എല്ലാ എക്യുപ്മെന്റും തയ്യാറാക്കി, കാറില്‍ കയറവേ ഇടുക്കി പ്രസ്സ് ക്ലബ്ബ് ജീവനക്കാരന്‍ ശ്രീകുമാറും കൂട്ടിനുവന്നു, പതിയെ പതിയെ സംഭവത്തിന്റെ ഗൌരവം മനസ്സിലായി ത്തുടങ്ങി, ശരീരം ചെറുതായി വിറക്കുന്നതു പോലെ, ആദ്യമായിട്ടാണ് ഒരു ദുരന്തം കവര്‍ ചെയ്യുന്നത്, അതും കൊച്ചു കുഞ്ഞുങ്ങളുടെ, ഹാ, ശ്രീകുമാറെല്ലാം കൂടെ ഉണ്ടെല്ലോ !
പാച്ചു ഭായ്, ഞാന്‍ കാറില്‍ നിന്നിറങ്ങില്ല, കെട്ടോ ? എന്തൊരു ഭീകരമാകും കാര്യങ്ങള്‍ ? എനിക്കു കാണാന്‍ വയ്യ !
ഈശ്വരാ ! എന്റെ കാര്യം,
കൃത്യമായി എവിടെയാണു മുങ്ങിയതെന്നും അറിയില്ല, തട്ടേക്കാട് എവിടെയോ ആണ്, അതിനിടയില്‍ മൊബൈലില്‍ നിര്‍ദ്ദേശങ്ങള്‍ വന്നുകൊണ്ടിരുന്നു, മഹാരഥന്മാരായ എന്റെ സീനിയേര്‍സ് കൃത്യമായി കാര്യങ്ങള്‍ കോ ഓഡിനേറ്റ് ചെയ്യുന്നുണ്ടായിരുന്നു, നിര്‍ദ്ദേശാനുസ്സരണം കോതമംഗലം ആശുപത്രികളുടെ പരിസരമാണ് നമ്മുടെ അസ്സൈന്മെന്റ് പരിധി, ആദ്യം ഒരു സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക്, അവര്‍ക്കാകട്ടെ സംഭവത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ലെന്ന്, തുടര്‍ന്നു മറ്റൊരാശുപത്രിയിലെയ്ക്ക്, ചെറിയൊരാള്‍കൂട്ടം മാത്രം, അവിടെ ആരൊയോ കൊടുന്നിട്ടുണ്ട്ത്രേ, നോക്കി നില്‍ക്കേ ആള്‍ക്കൂട്ടം ഒരു ജനസമുദ്രമായി മാറി, അവിടുത്തെ ജനക്കൂട്ടവും മോര്‍ച്ചറിയിലെ രണ്ടുകുഞ്ഞുങ്ങളുടെ മൃതദേഹവും പകര്‍ത്തി ധര്‍മ്മഗിരി ആശുപത്രിയിലേയ്ക്ക്, പുറത്തിറങ്ങിയപ്പോള്‍ കൊച്ചിക്കാരായ സീനിയര്‍ സഹപ്രവര്‍ത്തകരുടെ കാര്‍ നേരെ മുന്നില്‍ വന്നു നിന്നു, അവര്‍ വരുന്ന വഴി, ന്യൂസ് എഡിറ്ററെ മനസ്സില്‍ നമിച്ചു, അദ്ദേഹം കണക്കുകൂട്ടിയതുപോലെ തന്നെ, ആദ്യമെത്തിയതു തൊടുപുഴക്കാരന്‍ ! അത്ര സമയം കൊണ്ട് അറിഞ്ഞ കാര്യമത്രയും ഒരൊറ്റ നിമിഷം കൊണ്ടു പറഞ്ഞു തീര്‍ത്തു, മൂന്നു യൂണിറ്റായി പിരിഞ്ഞു, ധര്‍മ്മഗിരി ആശുപത്രിയിലേയ്ക്കു കുതിക്കുന്നതിനിടയില്‍ സുഹൃത്തുകളായ മറ്റു പത്രക്കാരോട് നാട്ടുകാര്‍ തട്ടിക്കയറുന്നത് കാണുന്നുണ്ടായിരുന്നു, അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം, ഞാന്‍ മോര്‍ച്ചറിയിലേയ്ക്കു കുതിച്ചു,
ഇത്തരം സ്ഥലങ്ങളില്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ പത്രക്കാരുടെ മെക്കിട്ടുകയറുന്നവരുണ്ട്, ഒരൊറ്റ നോട്ടത്തില്‍ ഇവരേയും ഇവരുടെ മാനസികാവസ്ഥയും നമുക്കു തിരിച്ചറിയാം, അതില്പെട്ടവരല്ലാത്തവരുമുണ്ട്, മേലനങ്ങി ഒരു രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതെ പത്രക്കാരോട് കയര്‍ക്കാന്‍ മാത്രം നോക്കുന്നവര്‍, അവരേയും ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം.
അപ്പോഴേയ്ക്കും കോതമംഗലം നിറഞ്ഞുകവിഞ്ഞിരുന്നു, ആരേയും ആശുപത്രിയിലേയ്ക്ക് കയറ്റിവിടുന്നുണ്ടായിരുന്നില്ല, ഐഡി കാര്‍ഡു മറച്ചുപിടിച്ചിരിക്കുകയായിരുന്നു, കാണിച്ചപ്പോള്‍ കയറ്റിവിട്ടു, ജനസമുദ്രം പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരു പ്ലാസ്റ്റിക്ക് കാര്‍ഡിന്റെ ബലത്തില്‍ ആശുപത്രി മോര്‍ച്ചറിയില്‍ കയറിയപ്പോള്‍ കുറച്ചഹങ്കാരം തോന്നിയതു നിഷേധിക്കുന്നില്ല,
എല്ലാം അകത്തുകയറിയപ്പോള്‍ തീര്‍ന്നു, നിരനിരയായി ക്കിടക്കുന്ന കൊച്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍, അലമുറയിടുന്ന അച്ഛനമ്മമാര്‍, കുഞ്ഞുങ്ങളെല്ലാം സ്കൂള്‍ യൂണിഫോമില്‍, വീട്ടിലെ കുട്ടികളേയാണ് ഓര്‍മ്മവന്നത്, എല്ലാ മുഖവും വീട്ടിലെ പ്രിയപ്പെട്ട കുട്ടികളേപ്പോലെ, ഒരു ടീച്ചര്‍ സഹപ്രവത്തകയുടെ മൃതശരീരം കെട്ടിപ്പിടിച്ചുകരയുന്നു, ഒരച്ഛന്‍ തന്റെ ഇരട്ടക്കുട്ടികളെ കെട്ടിപ്പിടിച്ചുകരയുന്നു, ഞാന്‍ പടം എടുത്തു കൊണ്ടേയിരുന്നു, ക്യാമറ പ്രോഗ്രാം മോഡിലായിരുന്നോ മാനുവലിലായിരുന്നോ, ഫ്ലാഷ് വീണിരുന്നോ, ഐ.എസ്.ഒ കൃത്യമായിരുന്നോ, വൈറ്റ് ബാലന്‍സ് ഏതായിരുന്നു, ഒന്നുമെനിക്ക് ഇപ്പോഴും ഓര്‍മ്മയില്ല, ഞാന്‍ പടം എടുത്തുകൊണ്ടേയിരുന്നു.
അതു കഴിഞ്ഞു പാരിഷ് ഹാളിലേയ്ക്ക്, രക്ഷപ്പെട്ട കുട്ടികളവിടേയാണ്, പ്ലാസ്റ്റിക് കസേരയില്‍ തളര്‍ന്നിരിക്കുന്ന കുട്ടികള്‍, ‍അപകടത്തിന്റെ ഞെട്ടല്‍ അവരുടെ മുഖത്ത് മായാതെ കിടക്കുന്നുണ്ടായിരുന്നു, ഒരച്ചന്‍ മകനെ മടിയില്‍ കിടത്തി ആശ്വസിപ്പിക്കുന്നു, രണ്ടുപേരും ഒന്നും പറയുന്നില്ലെങ്കിലും,
വേദനിപ്പിക്കുന്ന കാഴ്ച്ച അവിടേയുമുണ്ടായിരുന്നു, രക്ഷപ്പെട്ട കുട്ടികള്‍ക്കിടയില്‍ സ്വന്തം മക്കളെ തിരയുന്നവര്‍, ഓരോ സമയം കഴിയുന്തോറും അവരുടെ മുഖത്ത് ആധി അധികരിച്ചു വന്നു, ഒടുവില്‍ രക്ഷപ്പെട്ട അവസാനത്തെ കുട്ടിയും തന്റേതല്ലെന്നു തിരിച്ചറിഞ്ഞ്, അതൊരു പൊട്ടിത്തെറിയായ് മാറുമ്പോള്‍, അതിലെ വാര്‍ത്താപ്രാധാന്യം അറിഞ്ഞിട്ടും കയ്യിലെ ക്യാമറ ഉയരുന്നുണ്ടായിരുന്നില്ല, അതൊരു തിരിച്ചറിവാണ്, എനിക്കൊരിക്കലും നല്ലൊരു പ്രെസ്സ് ഫോട്ടോഗ്രാഫറാകാന്‍ കഴിയില്ലെന്നുള്ള തിരിച്ചറിവ്,
മനസില്‍ മായാതെ നില്‍ക്കുന്ന ഒരു ദൃശ്യം ( ക്യാമറ കൊണ്ട് പകര്‍ത്തിയാല്‍ ഫിലിമില്‍ / ഇമേജ് സെന്‍സറില്‍ പതിയും, അല്ലാതെ പകര്‍ത്തിയാല്‍ മനസ്സില്‍ പതിയും, ഫോര്‍മാറ്റാവാതെ കിടക്കുകയും ചെയ്യും ) പാരിഷ് ഹാളില്‍, രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ പേര് വിളിച്ചു പറയുന്ന അനൌണ്‍സര്‍, ഒരു പെണ്‍കുട്ടിയുടെ പേര് വിളിക്കുന്നു, ആ കുഞ്ഞിന്റെ അച്ഛന്‍ ,ഒരു സാധു മനുഷ്യന്‍, പ്രതീക്ഷയോടെ കണ്ണീരു തുടച്ച് ഓടിച്ചെല്ലുന്നു, അദ്ദേഹത്തോട് അനൌണ്‍സര്‍, കുഴപ്പമൊന്നുമില്ല കുഞ്ഞ് അപ്പുറത്തെ ഹാളിലുണ്ടെന്നു പറയുന്നു, അതു കേട്ട് അച്ഛന്‍ മറ്റുള്ളവരോടതു പറയുവാന്‍ പുറം തിരിഞ്ഞപ്പോള്‍, അനൌണ്‍സര്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു, അവള്‍ പോയികെട്ടോ ! അതറിയാതെ സന്തോഷം കൊണ്ട് കണ്ണുനീര്‍ തുടക്കുന്ന അച്ഛനും അദ്ദേഹത്തോടതു പറയാന്‍ കഴിയാതെ നില്‍ക്കുന്ന അനൌണ്‍സറുടെ മുഖവും, അതു പകര്‍ത്താന്‍ കഴിയാതെ നില്‍ക്കുന്ന ഈയുള്ളവനും, ആ ആശ്വാസം ഒരു പൊട്ടിക്കരച്ചിലായി മാറുന്നതു കാണാന്‍ ത്രാണിയില്ലാത്തതിനാല്‍ ഞാനതിലവസാനിപ്പിച്ചു.
ഇതിനിടയില്‍ വീട്ടില്‍ നിന്നും പെങ്ങള്‍ടെ ഫോണ്‍, “ടിവിയില്‍ എന്തോ പ്രശ്നം കാണിക്കുന്നുണ്ടല്ലോ ? നീ അവിടേയാണോ ?”
“ഏയ് അല്ല, ഞാന്‍ ഓഫീസില്‍ തന്നെയുണ്ട്, ( അല്ലേല്‍ അമ്മ ഇന്നുറങ്ങില്ല) നീ കുഞ്ഞുങ്ങളെ സൂക്ഷിക്കണേ !”
പടംസ് അയക്കുമ്പോള്‍ തൊട്ടടുത്ത് ഒരു സീനിയര്‍ ഫോട്ടോഗ്രാഫര്‍, അദ്ദേഹം തീപ്പെട്ടി ഉരച്ചു കത്തിച്ചു ചുണ്ടിലേയ്ക്ക് അടുപ്പിച്ചപ്പോഴാണ് ശ്രദ്ധിച്ചത്, സിഗരറ്റ് വെച്ചിട്ടില്ലായിരുന്നു, ആകെ ഉലഞ്ഞായിരുന്നു അദ്ദേഹം നിന്നിരുന്നത്, ഇവരുടെ സമപ്രായക്കരായ രണ്ടു കുഞ്ഞുങ്ങളാണദ്ദേഹത്തിനെന്ന് പിന്നീടറിഞ്ഞു,
പടങ്ങള്‍ കണ്ട് ന്യൂസ് എഡിറ്റര്‍ അടക്കം ഡെസ്കില്‍ നിന്നും പലരും വിളിച്ചഭിനന്ദിച്ചു, ഒരു തുടക്കക്കാരനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം, ഒരച്ഛന്റെ സന്തോഷം ഉള്ളില്‍ കിടന്നു പൊള്ളുമ്പോള്‍ , എന്തു തോന്നാന്‍.
ഹൈറേഞ്ചിന്റെ ദുര്‍ഘട പാതകളിലൂടെ വിതരണം നടത്തേണ്ടതിനാല്‍ എല്ലാ പത്രങ്ങളും വളരെ നേരത്തെ അച്ചടിക്കുന്ന ഇടുക്കിയില്‍ ഞങ്ങളുടെ പത്രത്തിന്റെ ഒരു പേജുമുഴുവന്‍ എന്റെ പടങ്ങള്‍ക്കായി നീക്കി വെച്ചു,
ന്യൂസ് എഡിറ്ററുടെ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മയുണ്ട്, “ ഈ സംഭവത്തില്‍ നമ്മള്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്, അഭിനന്ദങ്ങള്‍”
ഒരു തുടക്കക്കാരനായ എന്നെ മൈന്‍ഡു ചെയ്യാതിരുന്നവരെല്ലാം പിറ്റേന്നു വിളിച്ചു പറഞ്ഞു, തകര്‍ത്തു അല്ലേ !, സഹപ്രവര്‍ത്തകരില്‍ നിന്നു അഭിനന്ദന പ്രവാഹം, ഏറ്റവും ബഹുമാനിക്കുന്ന സീനിയര്‍, ഡെസ്കില്‍ എനിക്കു ലഭിച്ച അപ്രീസിയേഷനെക്കുറിച്ചു വാചാലനാകുന്നു,
പകലുകള്‍ അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നു, രാത്രികള്‍ സത്യം പറയട്ടെ- ഉറങ്ങാന്‍ പറ്റുന്നില്ല, തട്ടേക്കാട്ടെ നീലിച്ച ജലാശയത്തില്‍ നിന്നും ഒരു മുടിച്ചുരുള്‍ ഉയരുന്നു, ഒരു കൈ ഉയര്‍ന്നു വരുന്നു, ഒരു ഹുങ്കാര ശബ്ദം കേല്‍ക്കുന്നു, എന്നെ മാമാ ന്ന് ആരേലും വിളിക്കുന്നുണ്ടോ ? എന്റെ കുഞ്ഞുങ്ങള്‍, ഞാന്‍ വഞ്ചിയില്‍ പോയ ആ ജലാശയത്തിനു കീഴെ പതിനഞ്ചു കൊച്ചു കുഞ്ഞുങ്ങളുടെ ആത്മാവുണ്ടായിരുന്നു, ആ അച്ഛന്‍ എപ്പോഴാവും സത്യം അറിഞ്ഞത് ? ആ കുഞ്ഞുങ്ങളുടെ ശ്വാസം മുട്ടല്‍, അവരുടെ പിടച്ചില്‍ , അതിന്റെ പേരില്‍ നേടിയെടുത്ത അഭിനന്ദനങ്ങള്‍, നീല ജലാശയത്തിന്നടിത്തട്ടില്‍ നിന്നും ഒരു കൂട്ടം കുഞ്ഞു കാലുകള്‍ മുകളിലേയ്ക്കുയരുന്നുണ്ടോ ? കണ്ണീര്‍പൂക്കളോടെ....................മാപ്പ്
കണ്ണീര്‍ പൂക്കളോടെ....................


രക്ഷപെട്ടവരില്‍ സ്വന്തം കുട്ടികളെ തിരയുന്നവര്‍



കോതമംഗലത്തു നിന്നു മൃതദേഹങ്ങള്‍ കുട്ടികള്‍ പടിച്ച സ്കൂളിലേയ്ക്കു കൊണ്ടു പോകുന്നു





ദുരന്തത്തിനു കാരണമായ ബോട്ട്


പിറ്റേന്ന് ബോട്ട് ജനങ്ങള്‍ കരക്കു കയറ്റിയപ്പോള്‍

9 comments:

Faisal Mohammed said...

പകര്‍പ്പവകാശ പ്രശ്നങ്ങളാല്‍ കമ്പനി പബ്ലിഷ് ചെയ്ത ചിത്രങ്ങള്‍ ഇവിടെ ആവര്‍ത്തിച്ചിട്ടില്ല.

ശ്രീ said...

വല്ലാത്തൊരു അനുഭവം തന്നെ, അല്ലേ?

വായിയ്ക്കുമ്പോള്‍ പോലും എന്തോ പോലെ തോന്നുന്നു.

സിഗരറ്റ് ചുണ്ടില്‍ വയ്ക്കാതെ അതിനു തീ കൊടുക്കാന്‍ ശ്രമിച്ച ആ പത്രപ്രവര്‍ത്തകന്റെ അവസ്ഥ പോലും വളരെ വ്യക്തമായി മനസ്സിലാകുന്നു.

പാമരന്‍ said...

കണ്ണുനനഞ്ഞു...

നിലാവര്‍ നിസ said...

ആ സംഭവം അവശേഷിപ്പിച്ച വേദനയ്ക്ക് പുതിയ തലങ്ങള്‍ കിട്ടി.. ഈശ്വരാ..

Inji Pennu said...

നിലവിളിക്കണോ കരയണോ എന്നൊന്നും അറിഞ്ഞൂടാ,
മരവിപ്പ് ബാധിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന നിമിഷങ്ങളാണിവ...

നല്ലൊരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആവേണ്ടത് അത്യാവശ്യമാണ്. ഇതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാ‍ന്‍, അതിന്റെ നടുക്കുന്ന ഭീകരത ജനങ്ങളെ അറിയിക്കാന്‍...

:(

അപ്പു ആദ്യാക്ഷരി said...

പാച്ചു അന്നനുഭവിച്ച വേദന ഈ വാക്കുകളില്‍ മനസ്സിലാവുന്നുണ്ട്. പക്ഷേ മറ്റുചില വാചകങ്ങള്‍....

“പടങ്ങള്‍ കണ്ട് ന്യൂസ് എഡിറ്റര്‍ അടക്കം ഡെസ്കില്‍ നിന്നും പലരും വിളിച്ചഭിനന്ദിച്ചു, ഒരു തുടക്കക്കാരനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാര...”

“ഈ സംഭവത്തില്‍ നമ്മള്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്, അഭിനന്ദങ്ങള്‍”
ഒരു തുടക്കക്കാരനായ എന്നെ മൈന്‍ഡു ചെയ്യാതിരുന്നവരെല്ലാം പിറ്റേന്നു വിളിച്ചു പറഞ്ഞു, തകര്‍ത്തു അല്ലേ !,

ഇതെന്തേ ഈ മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെ? അന്ന് ആ സംഭവം നടക്കുമ്പൊള്‍ ആ പിഞ്ചുകുഞ്ഞുങ്ങളുടെ ശവശരീരങ്ങളിലുടെ മേഞ്ഞ വീഡിയോക്യാമറകളും, അവരുടെ വേര്‍പാടില്‍ വിങ്ങുന്നവരെ ബാധപോലെ പിന്തുടര്‍ന്ന ടി.വി. റിപ്പോര്‍ട്ടര്‍മാരും എന്റെ മനസ്സില്‍ ഒരുതരം വെറുപ്പാണ് ഉണ്ടാക്കിയത് എന്നു തുറന്നു പറയട്ടെ. പലര്‍ക്കും അങ്ങനെതന്നെയാണ് തോന്നിയത്.

ഏ.ആര്‍. നജീം said...

പാച്ചൂ,
താങ്കള്‍ക്ക് ക്യാമറ കൊണ്ടല്ല പേന കൊണ്ടും ചിത്രം വരയ്ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു....

പാച്ചുവിന്റെ എല്ലാ പോസ്റ്റുകളും നോക്കാറുള്ള ഒരാളെന്ന നിലയില്‍ പറയട്ടെ. ഏറ്റവും ഹൃദയത്തില്‍ തൊട്ട വിവരണം.

പാച്ചൂ.. കണ്ണല്പം നനഞ്ഞോന്ന് ഒരു സംശയം....

Faisal Mohammed said...

അപ്പു ജി,
ഞാന്‍ സത്യം സത്യമായി പറയുന്നു, ഞാനൊരു സംഭവമാണെന്നു തെറ്റിദ്ധരിപ്പിക്കലായിരുന്നില്ല എന്റെ ലക്ഷ്യം, ഒരു വര്‍ഷം നീണ്ട നീറ്റലൊന്നു കുറയ്ക്കുവാനുള്ള ശ്രമം മാത്രമായിരുന്നു,
ഇതെല്ലാം കവര്‍ ചെയ്യുന്നവരുടെ യഥാര്‍ത്ഥ മാനസികാവസ്ഥയാണ് ഞാന്‍ വിവരിക്കാന്‍ ശ്രമിച്ചത്, ഇതൊരു പാച്ചുവിന്റെ മാത്രം അവസ്ഥയല്ല, ഒരു മനുഷ്യനും ഇതു പോലുള്ളവ കവര്‍ ചെയ്യുമ്പോള്‍ ആഹ്ലാദം തോന്നില്ല, പൊതുവായ ഒരു പറച്ചില്‍ ന്യുസ് ഫോട്ടൊഗ്രാഫേഴ്സിന്റെ ത്രില്ലിംഗ് ലൈഫിനു കൊടുക്കേണ്ട നിര്‍ബന്ധിത നികുതിയാണ് ഇത്തരം സംഭവങ്ങളെന്നാണ്, ഈ നികുതി മറ്റു സൌഭാഗ്യങ്ങളില്‍ മതി മറക്കുന്നതില്‍ നിന്നും തടയുന്നു.
ഇതൊരു മല്ല് പണിയാണ്, ശാരീരികമായി നല്ല അദ്ധ്വാനമുള്ളത്, തുടക്കക്കാര്‍ക്ക് പെട്ടെന്ന് മടുക്കാന്‍ സാധ്യതയുള്ളത്, അതിനാലാവും ടീം ലീഡറായ ന്യൂസ് എഡിറ്റര്‍ ഇത്തരം അഭിനന്ദനം പറഞ്ഞത്,
ആരെന്തു പറഞ്ഞാലും മാധ്യമങ്ങള്‍ക്കിടയിലെ മത്സരം ഒരു യാഥാര്‍ത്ഥ്യമാണ്, അതിനാല്‍ അളക്കല്‍ ഒരനിവാര്യവും.
ഇതൊരും സ്ഥിരം ആരോപണമാണ്, ദുരന്തങ്ങള്‍ ആഘോഷിക്കപ്പെടുന്നെന്ന്, ഒരു ഡോക്ടര്‍ക്ക് തന്റെ പ്രിയപ്പെട്ടയാളുടെ ശരീരത്തിലെ ഓപ്പറേഷന്‍(കീറിമുറിക്കല്‍) സ്നേഹം കാരണം ഒഴിവാക്കുവാന്‍ പറ്റുമോ ? അങ്ങിനെ ചെയ്താല്‍ ..? അസുഖം മാറുമോ, ഇതു കര്‍മ്മമ്മാണ്, മുജ്ജന്മ കര്‍മ്മദോഷം കൊണ്ടു ലഭിച്ചത് !
ബീഹാറില്‍ മോഷണമാരോപിച്ച് പയ്യന്‍സിനെ തല്ലുന്നത് പകര്‍ത്തിയ വിഡിയോഗ്രാഫര്‍ക്ക് മനുഷ്യപറ്റില്ലാത്തവനെന്ന രൂക്ഷ വിമര്‍ശനവും കിട്ടി, സംഭവം അഖിലേന്ത്യാ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു !!!.

സജീവ് കടവനാട് said...

കാമറയില്‍ പതിയാത്ത ചിത്രങ്ങള്‍ കണ്ണുനനയിക്കുന്നു. എങ്കിലും...

കാമറയില്‍ പതിയാത്ത ചിത്രങ്ങളേക്കാള്‍ പതിഞ്ഞ ചിത്രങ്ങള്‍ ആഘോഷിക്കപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അതുതന്നെയാണ് എതിരാളിയേക്കാള്‍ നമ്മള്‍ ഏറെമുന്നിലായി എന്ന് സഹപ്രവര്‍ത്തകരെക്കൊണ്ട് പറയിക്കുന്നതും. പുത്തന്‍ മാധ്യമ സംസ്കാരത്തിന്റെ ജീര്‍ണ്ണതയാണത്.