ചില വിപരീത കാഴ്ച്ചകള്‍

Friday, January 8, 2010

ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!



ഒരു പഞ്ചായത്തു പ്രതിനിധിയുടെ സ്ഥാനം അല്പം ഉയര്‍ന്നതു തന്നെയാണ്, മജിസ്ട്രേട്ടിന്റെ പവറുകളുള്ള ഒരു തഹ്സില്‍ദാരുടേതിന് ഒപ്പമോ അതിനു മുകളിലോ നില്‍ക്കും ഒരു പഞ്ചായത്തു വാര്‍ഡു മെമ്പറുടെ സാക്ഷ്യപ്പെടുത്തല്‍. പഞ്ചായത്തുമായി ബന്ധപ്പെട്ട് പൌരനു ലഭിക്കേണ്ട ഒട്ടു മിക്ക സര്‍ട്ടിഫിക്കേറ്റുകള്‍ക്കും വാര്‍‍ഡു മെമ്പറുടെ സാക്ഷ്യപ്പെടുത്തലുകള്‍ അത്യാവശ്യമാണ്. പൊതുസ്ഥലത്ത് പുകവലിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതു മുതല്‍ വിപുലമായ അധികാരങ്ങളുമുള്ളയാളാണ് വാര്‍ഡു പ്രതിനിധികള്‍, എല്ലാ ജോലികള്‍ക്കും യോഗ്യതകള്‍ വേണം എന്നിരിക്കേ, ഈ പദവിയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും വേണ്ടേ ചില മിനിമം യോഗ്യതകള്‍ ? വിദ്യഭ്യാസ യോഗ്യതയുണ്ടെങ്കില്‍ എല്ലാമായെന്നല്ല, ഇല്ലാത്തവരെല്ലാവരും മോശക്കാരാണെന്നുമല്ല, പക്ഷെ ഒരു പഞ്ചായത്ത് വാര്‍ഡുമെമ്പര്‍ക്ക് മിനിമം "പഞ്ചായത്ത് " എന്നെങ്കിലും തെറ്റുകൂടാതെ എഴുതുവാന്‍ അറിഞ്ഞിരിക്കേണ്ടേ ! പഞ്ചായത്താപ്പീസില്‍ നിന്നും റസി‍ഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കുന്നതിനായി വാര്‍ഡു മെമ്പറുടെ സാക്ഷ്യപത്രം വാങ്ങാന്‍ അപേക്ഷയുമായി പോയഒരാളുടെ അനുഭവം താഴെ കൊടുക്കുന്നു, അപേക്ഷകന്‍ മറ്റാരുമല്ല, ഈ ഞാന്‍ തന്നെ.

കഥ ഇതു വരെ -
അമേരിക്കയില്‍ പോകാനുള്ള വിസ ശരിയായ അപേക്ഷകന്‍ അവരുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റു വാങ്ങാനായി ജില്ലാ പോലീസ് ആസ്ഥാനത്തെത്തുന്നു, പുതിയ താമസക്കാരായതിനാല്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം വേണം ​എന്നു പറഞ്ഞു അപേക്ഷ മടക്കിയതിനാല്‍ ആ സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ വില്ലേജ് ഓഫീസിലെത്തുന്നു, വില്ലേജ് ഓഫീസര്‍ ആ സര്‍ട്ടിഫിക്കറ്റു തരണമെങ്കില്‍ നിങ്ങള്‍ ഏതു പഞ്ചായത്തില്‍ നിന്നാണോ ആ പഞ്ചായത്തു സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റു വേണം എന്നു പറഞ്ഞു മടക്കിയതിനാല്‍ നേരെ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ കൊടുക്കുന്നു, പഞ്ചായത്ത് സെക്രട്ടറി ആ സര്‍ട്ടിഫിക്കറ്റു തരണമെങ്കില്‍ കരമടച്ച രശീതിയും കൂടെ നിങ്ങള്‍ ഏതു വാര്‍ഡിലാണോ ഉള്ളത് ആ വാര്‍ഡു മെമ്പറുടെ സാക്ഷ്യ പത്രവും വേണം എന്നു പറഞ്ഞു മടക്കിയതിനാല്‍ അതു സംഘടിപ്പിക്കാനായി വാര്‍ഡു മെമ്പറെ അന്വേഷിച്ചു നടക്കുന്നു - തുടര്‍ന്നു വായിക്കുക.

പുതിയ വീടെടുത്തു താമസിച്ചിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു, അതു കൊണ്ട് മെമ്പറെ പരിചയമില്ല, അയല്‍ക്കാരോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരു കിട്ടിയെങ്കിലും വേറെ ഒരു വിവരവും കിട്ടിയില്ല, നാട്ടില്‍ പരിചയമുള്ളവരോടൊക്കെ മെമ്പറെ പറ്റി അന്വേഷിച്ചപ്പോഴും, മൊത്തത്തില്‍ ഒരു പന്തികേടു പോലെ, ആര്‍ക്കും കക്ഷിയെക്കുറിച്ച് വെല്യ അറിവൊന്നുമില്ല, ഒടുവില്‍ അല്പം സാംസ്കാരിക പ്രവര്‍ത്തനമൊക്കെയുള്ള ഒരു എക്സ് - പ്രവാസിയോട് അന്വേഷിച്ചപ്പോഴാണ് ഒരു രഹസ്യം പോലെ ആളത് പറഞ്ഞത്, ഇത്തവണ നമ്മുടേത് ഒരു സംവരണ വാര്‍ഡ് ആയിരുന്നു. പാര്‍ട്ടിക്കാര് ആരെയോ പിടിച്ച് നിര്‍ത്തുകയായിരുന്നു, മിക്കവരും ഇയാളെ കണ്ടിട്ടില്ല. ഇനി ഒരു പക്ഷെ ദിവസവും കാണുന്നുണ്ടാകും പക്ഷെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കക്ഷി എങ്ങനെയിരിക്കുമെന്നും ആര്‍ക്കും അറിവില്ത, വാര്‍ഡിലെ റോഡ് തകര്‍ന്നപ്പോഴും, വെള്ളക്കെട്ടു വന്നപ്പോഴും വഴി വിളക്കു കേടായപ്പോഴും അങ്ങനെ പല ആവശ്യങ്ങള്‍ക്കും അദ്ദേഹവും മറ്റു നാട്ടുകാരും മെമ്പറെ തിരഞ്ഞു നടന്നു വെങ്കിലും കണ്ടു കിട്ടിയില്ലെന്നും എക്സ് പ്രവാസി ക്ഷോഭത്തോടെ പറഞ്ഞു, അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലം ഏകദേശം പറഞ്ഞു തരികയും ചെയ്തു, വീണ്ടും പലരോടും ചോദിച്ചു ചോദിച്ചു ഒടുക്കം ഞാനാ വീട് കണ്ടെത്തി, അതൊരു ത്രില്ലിങ്ങ് യാത്ര തന്നെയായിരുന്നു, ഏതാണ്ട് ഒന്നര കിലോ മീറ്റര്‍ മാത്രമുണ്ടായിരുന്ന ആ യാത്രയില്‍ അപേക്ഷകന്‍ പലപ്പോഴും വഴി തെറ്റി, എന്നാലും ആ യാത്രയ്ക്കൊരു ത്രില്ലുണ്ടായിരുന്നു, ഒരു കാലത്ത് തൊട്ടു കൂടാത്തവനും തീണ്ടിക്കൂടാത്തവനുമായി, സവര്‍ണ്ണന്റെ ദൃഷ്ടിയില്‍പെടാതെ മാറി നില്‍ക്കേണ്ടി വന്ന അതേ വീഥിയിലൂടെ, അവരില്‍ നിന്നുയര്‍ന്നു വന്ന, വാര്‍ഡിലെ പ്രഥമ പൌരന്റെ വീട്ടിലേയ്ക്കുള്ള, ആ യാത്രയ്ക്ക് അതിന്റേതായ ഒരു ത്രില്ലുണ്ടായിരുന്നു, അവരിലൊരാളാണിന്നിവിടുത്തെ അധികാരി, ആയിരത്തി എഴുനൂറിലധികം വോട്ടര്‍മാരുള്ള വാര്‍ഡിലെ പ്രഥമ പൌരന്‍ !, എല്ലാവരുടേയും പ്രതിനിധി !, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ നാടന്‍ ശീലുകള്‍ മൂളി നമ്മുടെ അപേക്ഷകന്‍ ഒടുവില്‍ മെമ്പറുടെ വീടിന്റെ മുമ്പിലെത്തി, മെമ്പറുടെ ഭാര്യയായിരുന്നു അവിടെയുണ്ടായിരുന്നത്, അദ്ദേഹം ജോലിക്കു പോയിരിക്കുകയാണെന്നും രാത്രി വീട്ടില്‍ ഉണ്ടാകുമെന്നും പറഞ്ഞു, രാഷ്ട്രീയം വരുമാന മാര്‍ഗ്ഗമാക്കാതെ ഇപ്പോഴും ജോലിക്കു പോകുന്ന മെമ്പറോട് അപേക്ഷകന് ബഹുമാനം തോന്നി.

രാത്രി എട്ടു മണിക്ക് അപേക്ഷകന്‍ മെമ്പര്‍ ഒപ്പിടേണ്ട കടലാസുകള്‍ ശരിയാക്കി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഏതാണ്ട് അമ്പതു വയസ്സു തോന്നിപ്പിക്കും, ഒരു തൊഴിലാളിയുടെ ശരീരം, തലയിലെ മഞ്ഞത്തുണിയും മുട്ടിനു താഴെ മടക്കി വെച്ചിരിക്കുന്ന പേന്റും കാരണം ഒരു സൈക്കിള്‍ യജ്ഞക്കാരനെ പോലെ തോന്നിച്ചു.സംസാരിച്ചപ്പോള്‍ അല്പം നാടനടിച്ചിട്ടുണ്ടെന്നും ബോധ്യമായി, രാവിലത്തെ അദ്ധ്വാനം മാറ്റാനായിരിക്കും, കണ്ടു കാര്യം പറഞ്ഞു, സംസാരം തുടങ്ങിയപ്പോള്‍ മുഖത്തൊരു ഗൌരവമൊക്കെ വന്നു തുടങ്ങിയിരുന്നു. പിന്നീട് കുറച്ച് ചോദ്യശരങ്ങളായിരുന്നു -

അപേക്ഷകന്‍ - ഒരു റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പഞ്ചായത്തീ കൊടുക്കാന്‍ മെമ്പറുടെ സാക്ഷ്യപത്രം വേണമായിരുന്നു.
മെമ്പര്‍ - അതിന് നമ്മളെ മുമ്പ് ഞാന്‍ കണ്ടിട്ടില്ലല്ലോ ?
- (അതു തന്നെയാണ് എല്ലാവരും പറയണത്, മെമ്പരെ ആരും കണ്ടിട്ടില്ലെന്ന് - ആത്മഗതം)
അപേക്ഷകന്‍ - ഞങ്ങ പുത്യേ താമസക്കാരാണ്.
മെമ്പര്‍ - ങ്ഹും !
അപേക്ഷകന്‍ - ഒപ്പിടാനുള്ളത് കൊടുന്നട്ട്ണ്ട്, ഇവിടെ ഒപ്പിട്ടാ മതി.
മെമ്പര്‍ - അതെനിക്കറിയാം, എവിടേ ഒപ്പ്ട്ണ്ടേന്ന്.
അപേക്ഷകന്‍ - അപേക്ഷേം കൂടേണ്ട്.
മെമ്പര്‍ - ങ്ഹും നോക്കട്ടേ ?
അപേക്ഷകന്‍ - അത് പഞ്ചായത്ത് സെക്രട്ടറിക്ക്ള്ള അപേക്ഷയാണ്, മെമ്പര്‍ക്ക്ള്ളത് ദാ ഇതാണ്.
മെമ്പര്‍ - നിക്കറിയാം ഏതാണെന്ന്, എന്നാലും ഞാനിതും നോക്കും , ങ്ഹൂം ?
അപേക്ഷകന്‍ - ഓ ആയിക്കോട്ടെ.
മെമ്പര്‍ ആദ്യ അപേക്ഷ വിശദമായി വായിച്ചു, പിന്നീട് രണ്ടാമത്തേയും മൂന്നാമത്തേയും കടലാസുകള്‍ വായിക്കാന്‍ തുടങ്ങി.
അപേക്ഷകന്‍ - മെമ്പറേ, അതല്ല, മെമ്പര്‍ക്കുള്ളത് ആദ്യത്തേതു മാത്രമേ ഉള്ളൂ !
മെമ്പര്‍ - അതെനിക്കറിയാം ഞാനാണല്ലോ മെമ്പറ്, എനിക്കറിയാം.
ഒരു പതിനഞ്ച് മിനിറ്റോളം മെമ്പറ് ആ കടലാസുകള്‍ തിരിച്ചും മറിച്ചും നോക്കി, ശേഷം
മെമ്പര്‍ - ഇതൊക്കെ തെറ്റാണ്, ഇങ്ങനെയല്ല അപേക്ഷയെഴുതുക,
(ഈശ്വരാ, കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഒരു സര്‍ക്കാരാപ്പീസില്‍ ജോലി ചെയ്യുന്നു, ​എത്രയോ അപേക്ഷകള്‍ പരിശോധിച്ചിരിക്കുന്നു, എത്രയോ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയിരിക്കുന്നു )
മെമ്പര്‍ - ഇതെന്താ എഴുതിയിരിക്കുന്നത്, പ്രേക് ക് പ്രേക്ഷിതന്‍... ,
മെമ്പറ് തപ്പി തപ്പി വായിക്കാന്‍ തുടങ്ങി, ഭീകരമായിരുന്നു ആ അനുഭവം, ഞങ്ങളുടെ വാര്‍ഡിലെ തകര്‍ന്ന റോ‍ഡിലൂടെ ഓട്ടോറിക്ഷ പോകുന്നതാണ് ഓര്‍മ്മ വന്നത്, വെറും നാലു വരി മാത്രമുണ്ടായിരുന്ന ആ അപേക്ഷയിലെ ആദ്യ വരിയൊന്നു വായിച്ചവസാനിപ്പിക്കാന്‍ മെമ്പറ് കുറച്ചു ബുദ്ധിമുട്ടി, ശേഷം
മെമ്പര്‍ - ഈ അപേക്ഷ മുഴുവന്‍ തെറ്റാണ്, ഇങ്ങനെയല്ല ഒരു മെമ്പര്‍ക്ക് അപേക്ഷയെഴുതുക !
അപേക്ഷകന്‍ തകര്‍ന്ന് ഇരിക്കുകയാണ്, ഇത്തരം ഒരു വായന പ്രതീക്ഷിച്ചില്ല, എങ്ങനെ ബോധ്യപ്പെടുത്തിക്കൊടുക്കും ? ഒരു രക്ഷയുമില്ല !
മെമ്പര്‍ കുറ്റം പറയുന്ന അപേക്ഷ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അഡ്രസ്സ് ചെയ്തിട്ടുള്ളതാണ്, അദ്ദേഹത്തിന് ആവശ്യമുള്ള രേഖയേതാണെന്നു പോലും തിരിച്ചു മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല‌. അദ്ദേഹം വായിച്ച് ഒരു വിതം അവസാനിപ്പിച്ച് വരുമ്പോഴേക്കും മൊബൈല്‍ റിങ്ങ് ചെയ്യും, അതില്‍ രണ്ടു മിനിറ്റു സംസാരിച്ച്തെങ്ങു കയറ്റ ഡീല്‍ ഉറപ്പിച്ച് തിരിച്ച് അപേക്ഷയിലെത്തിയാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങും, പ്രേ...പ്രേ...ക് .....പ്രേക്ഷി....
മെമ്പര്‍ - ഇതിലെന്താ പഴയ വാര്‍ഡു നമ്പര്‍ തെറ്റാണല്ലോ ? അതു ശരിയല്ല
അപേക്ഷകന്‍ - മെമ്പറേ അതു തെറ്റല്ല ശരിയാണ്, ഞാന്‍ രണ്ടു തവണ ആ നമ്പറില്‍ നികുതി അടച്ചിട്ടുണ്ട്, എന്റെ കയ്യില്‍ അതിന്റെ രശീതിയുണ്ട്.
മെമ്പര്‍ - താനെന്നെ പടിപ്പിക്കണ്ട, ഞാന്‍ മെമ്പറാണ്. ഇപ്പള്‍ത്തെ പതിനഞ്ചാം വാര്‍ഡ് പഴയ അഞ്ചാം വാര്‍ഡല്ല !, പഴയ ഒന്നാം വാര്‍ഡാണ് ഇപ്പള്‍ത്തെ അഞ്ചാം വാര്‍ഡ് !!! പുതിയ പതിനഞ്ചാം വാര്‍ഡ് അപ്പോ....അപ്പോ....അപ്പോ...?
വീണ്ടും മെമ്പറ് തപ്പി നില്‍ക്കുകയാണ്. അപേക്ഷകന്‍ തലയും കുമ്പിട്ട് തകര്‍ന്നു നില്‍ക്കുകയാണ്.
ഒടുവില്‍ ആള് അസന്നിഗ്ദമായി പ്രഖ്യാപിച്ചു,
മെമ്പര്‍ - ഈ അപേക്ഷ ശരിയല്ല. സാക്ഷ്യ പത്രം ശരിക്ക് ഞാനെഴുതിത്തരാം...!
അങ്ങനെ മെമ്പര്‍ അപേക്ഷകന് സാക്ഷ്യപത്രം എഴുതാന്‍ തുടങ്ങി, അഞ്ചു മിനിറ്റ് അപേക്ഷയിലേയ്ക്കു നോക്കും എന്നിട്ട് ഒരു വാക്ക് എഴുതും, വീണ്ടും അഞ്ചു മിനിറ്റ് വായന പിന്നെ ഒരു വാക്ക് എഴുത്ത്, അങ്ങനെ ഒന്നര മണിക്കൂറെടുത്തു എഴുതിതന്ന ഉത്തരവാദിത്തപ്പെട്ട ഒരു രേഖയാകുന്നു മുകളില്‍ കണ്ടത് !, അതില്‍ അപേക്ഷകനായ എന്റെ പേരില്ലെങ്കിലെന്താ ഇനീഷ്യലില്ലേ ! അപേക്ഷയില്‍ വെച്ചിരുന്ന എന്റെ വിലാസമില്ലെങ്കിലെന്താ ! എന്റെ പിതാവിന്റെ പേരില്ലേ !, പുതിയ വാര്‍ഡു നമ്പറും കെട്ടിട നമ്പരുമില്ലെങ്കിലെന്താ ! മെമ്പറുടെ ഒപ്പില്ലേ ! ഈ കടലാസും കൊണ്ടു പോയാല്‍ എനിക്കൊരു കോപ്പും കിട്ടാന്‍ പോകുന്നില്ല - ആയതിനാല്‍ ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!

സീറ്റിന്റെ എണ്ണം തികയ്ക്കാന്‍ അക്ഷരാഭ്യാസം പോലുമില്ലാത്തവരെ മത്സരിപ്പിക്കുന്ന രാഷ്ട്രീയക്കാരും പാര്‍ട്ടിക്കാരവതരിപ്പിക്കുന്നവര്‍ക്ക് കണ്ണുമടച്ചു വോട്ടു ചെയ്യുന്ന നാട്ടുകാരും !!
ചില രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം കൂടി നമ്മുടെ ജനാധിപത്യത്തില്‍ ഉണ്ടാവേണ്ടതുണ്ട് ! അല്ലാത്തിടത്തോളം ഒരിക്കല്‍ വോട്ടു ചെയ്തു ജയിപ്പിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ജനങ്ങളെ ഇവരിങ്ങനെ പീഡിപ്പിച്ചുകൊണ്ടേയിരിക്കും
- ഈ വ്യവസ്ഥിതിയോട് ഞാന്‍ പ്രതിഷേധിക്കുന്നു.!!!!!